
രവി ബിഷ്ണോയ് എറിഞ്ഞ ഏഴാം ഓവറിലെ അവസാന നാല് പന്തുകള്‍ നിലം തൊടാതെ ബൗണ്ടറി വര കടത്തി നില്‍ക്കുകയാണ് അഭിഷേക് ശര്‍മ. സ്കോര്‍ബോര്‍ഡില്‍ അഭിഷേകിന്റെ പേരിന് നേര്‍ക്ക് 19 പന്തില്‍ 59 റണ്‍സുണ്ട്. ഒറ്റ ഓവറില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലി തകര്‍ത്ത ബാറ്റ്. അഭിഷേകിന്റെ ഫോം നോക്കുകയാണെങ്കില്‍ കളിയല്‍പ്പം നേരത്തെ തീരുമെന്ന് തോന്നിച്ചു. തന്റെ രണ്ടാം ഓവറിനായി ദിഗ്വേഷ് റാത്തി എത്തുകയാണ്.
സീസണിലെ റിഷഭ് പന്തിന്റെ വജ്രായുധം, മധ്യ ഓവറുകളില്‍ റാത്തിയോളം പ്രഹരശേഷിയുള്ള ബൗളര്‍ ലക്നൗ നിരയിലില്ല. റാത്തിയുടെ മൂന്നാം പന്തിലാണ് അഭിഷേക് സ്ട്രൈക്കിലെത്തിയത്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവറി, അഭിഷേകിന്റെ ഹിറ്റിങ് ആര്‍ക്കില്‍ നിന്ന് അല്‍പ്പം മാറിയാണ് പന്തെത്തിയത്. ബിഷ്ണോയിയില്‍ നിര്‍ത്തിയത് റാത്തിയില്‍ തുടരാൻ തന്നെയായിരുന്നു അഭിഷേകിന്റെ തീരുമാനം. എക്‌സ്‌ട്രാ കവറിന് മുകളിലൂടെ ഒരു സിക്സര്‍ പായിക്കാനുള്ള ശ്രമം, പരാജയപ്പെട്ടു, പന്ത് ശാര്‍ദൂല്‍ താക്കൂറിന്റെ കൈകളില്‍.
ഇവിടെ നിന്നാണ് തുടക്കം, പതിവുപോലെ റാത്തി നോട്ട്‌ബുക്ക് എടുത്തു, അഭിഷേകിന്റെ വിക്കറ്റും അതിലേക്ക് എഴുതിചേര്‍ത്തു. അവിടം കൊണ്ട് നിര്‍ത്തിയില്ല, അഭിഷേകിനോട് വേഗം ഡഗൗട്ടിലേക്ക് മടങ്ങിക്കോളാൻ കൈകള്‍ക്കൊണ്ട് ആംഗ്യവും കാണിച്ചു റാത്തി. അഭിഷേകിന് അത് അത്ര രസിച്ചില്ല. ഡഗൗട്ടിലേക്ക് മടങ്ങിയ അഭിഷേക് റാത്തിക്ക് നേര്‍ക്ക് തിരിച്ചെത്തി. ഇരുവരും തമ്മില്‍ ഏറ്റുമുട്ടി, വാക്കേറ്റമുണ്ടായി.
അമ്പയര്‍ മൈക്കല്‍ ഗോയും ലക്നൗ നായകൻ പന്തും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു രംഗം ശാന്തമാക്കാൻ. എന്നിട്ടും അവസാനിച്ചില്ല, റാത്തിയുടെ മുടി വലിക്കുന്നതുപോലെ ഒരു ആംഗ്യവും കാണിച്ചാണ് അഭിഷേക് മടങ്ങിയത്. ഡഗൗട്ടില്‍ ചെന്നിട്ടും അഭിഷേകിന്റെ അമര്‍ഷം തുടര്‍ന്നിരുന്നു. വളരെ അസ്വസ്ഥനായാണ് താരത്തെ കണ്ടതും. എന്നാല്‍, ഇതോടെ റാത്തിക്കാണ് പണി കിട്ടിയത്, എത്ര കിട്ടിയാലും പഠിക്കില്ലെന്ന് പറഞ്ഞ് കേട്ടിട്ടില്ലെ, അതുപോലൊന്ന്.
ഈ സീസണില്‍ മൂന്നാം തവണയാണ് ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്റ്റ് റാത്തി തെറ്റിക്കുന്നത്. ഇതിന് മുൻപും നോട്ട്ബുക്ക് ആഘോഷം തന്നെയായിരുന്നു കാരണം. എന്നാല്‍, അഭിഷേകിന്റെ വിക്കറ്റിന് ശേഷമുള്ള ആഘോഷത്തിന് വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. മാച്ച് ഫീയുടെ 50 ശതമാനം പിഴ നല്‍കണം, ഇതിന് പുറമെ ഒരു മത്സരത്തില്‍ സസ്പെൻഷനും. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ റാത്തിക്ക് കാണിയുടെ റോളായിരിക്കും.
സീസണിലെ റാത്തിയുടെ ഡീമെറിറ്റ് പോയിന്റ് അഞ്ചായി ഉയരുകയും ചെയ്തിട്ടുണ്ട്. ഈ സസ്പെൻഷൻ കൊണ്ട് തീരുന്നതല്ല ഒന്നും. വരും മത്സരങ്ങളിലും സീസണുകളിലും റാത്തി ശ്രദ്ധിക്കേണ്ടതുണ്ട്. 36 മാസത്തോളമാണ് വ്യക്തിഗത ഡീമെറിറ്റ് പോയിന്റ് നിലനില്‍ക്കുക. നിലവില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റുണ്ട് റാത്തിക്ക്. ഇത് എട്ടായാല്‍ രണ്ട് മത്സരത്തിലായിരിക്കും സസ്പെൻഷൻ ലഭിക്കുക. 11 ആയാല്‍ സസ്പെൻഡ് ചെയ്യപ്പെടുന്ന മത്സരങ്ങളുടെ എണ്ണം മൂന്നായി ഉയരുകയും ചെയ്യും.
സീസണിലാദ്യം റാത്തിക്ക് ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ്. അന്ന് പ്രിയാൻഷ് ആര്യയുടെ വിക്കറ്റെടുത്ത ശേഷമായിരുന്നു നോട്ട്ബുക്ക് ആഘോഷം. അന്ന് ഒരു ഡീമെറിറ്റ് പോയിന്റ് മാത്രമാണ് ലഭിച്ചത്. പിന്നീട് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ നമൻ ധീറിന്റെ വിക്കറ്റെടുത്ത ശേഷവും ആഘോഷം ആവര്‍ത്തിച്ചു, രണ്ട് ഡീമെറിറ്റ് പോയിന്റുകൂടി റാത്തിയുടെ പേരിലേക്ക് ചേര്‍ക്കപ്പെട്ടു.
നിരന്തരം പിഴ ലഭിച്ചതോടെ നോട്ട്ബുക്കെഴുത്ത് മൈതാനത്തേക്ക് റാത്തി മാറ്റിയിരുന്നു. അഭിഷേക് ആദ്യമായാണ് ഇത്തരമൊരു സംഭവത്തില്‍ ഏര്‍പ്പെടുന്നത്. മാച്ച് ഫീയുടെ 25 ശതമാനമാണ് അഭിഷേകിന് പിഴശിക്ഷ.
ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനോട് പരാജയപ്പെട്ടതോടെ ലക്നൗ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി, ഒരുപക്ഷേ ജയിച്ചിരുന്നെങ്കില്‍ റാത്തിയുടെ സസ്പെൻഷൻ ടീമിന് തിരിച്ചടിയായേനെ. കാരണം സീസണിലെ ലക്നൗവിന്റെ ഏറ്റവും മികച്ച ബൗളറാണ് റാത്തി, പ്ലേ ഓഫ് തുലാസിലിക്കുമ്പോള്‍ റാത്തിയുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.
സീസണിലിതുവരെ 12 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് റാത്തിയുടെ നേട്ടം. താരത്തിന്റെ പന്തുകള്‍ ബാറ്റര്‍മാരെ മടക്കാത്ത കളികള്‍ പോലും വിരളമാണ്. സീസണിന്റെ കണ്ടെത്തലുകളിലൊന്നായാണ് റാത്തിയെ വിലയിരുത്തുന്നത് പോലും.