Vijay Hazare :  മധ്യപ്രദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം; സഞ്ജു ക്രീസില്‍

By Web TeamFirst Published Dec 9, 2021, 2:37 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ അസര്‍- രോഹന്‍ സഖ്യം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് അസറിന്റെ ഇന്നിംഗ്‌സ്. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് അസര്‍ പുറത്താവുന്നത്.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) മധ്യപ്രദേശിനെതിരെ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കേരളത്തിന് മികച്ച തുടക്കം. രാജ്‌കോട്ടില്‍ ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 95 റണ്‍സെടുത്തിട്ടുണ്ട്.  രോഹന്‍ കുന്നുമ്മല്‍ (51), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (9)  എന്നിവരാണ് ക്രീസില്‍. മുഹമ്മദ് അസറുദ്ദീനാണ് (34) പുറത്തായത്. കുമാര്‍ കാര്‍ത്തികേയ സിംഗിനാണ് വിക്കറ്റ്. 

ഓപ്പണിംഗ് വിക്കറ്റില്‍ അസര്‍- രോഹന്‍ സഖ്യം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് അസറിന്റെ ഇന്നിംഗ്‌സ്. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് അസര്‍ പുറത്താവുന്നത്. രോഹന്‍ ഇതുവരെ ഒരു സിക്‌സും അഞ്ച്  ഫോറും കണ്ടെത്തി.നേരത്തെ വെങ്കടേഷ് അയ്യരുടെ സെഞ്ചുറിയാണ് (84 പന്തില്‍ 112 )  മധ്യപ്രദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശുഭം ശര്‍മ (82) മികച്ച പ്രകടനം പുറത്തെടുത്തു. വിഷ്ണു വിനോദ് കേരളത്തിനായി മൂന്ന് വിക്കറ്റെടുത്തു. ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റുണ്ട്.  

ഒരുഘട്ടത്തില്‍ മൂന്നിന്  108 എന്ന നിലയിലായിരുന്നു മധ്യപ്രദേശ്. അഭിഷേക് ഭണ്ഡാരി (49), സിദ്ധാര്‍ത്ഥ് പടിദാര്‍ (0), രജത് പടിദാര്‍ (49) എന്നിവരുടെ വിക്കറ്റുകളായിരുന്നു നഷ്ടമായിരുന്നത്. പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വെങ്കടേഷ്- ശുഭം സഖ്യമാണ് മധ്യപ്രദേശിന്റെ നെടുംതൂണായത്. ഇരുവരും 169  റണ്‍സ് കൂട്ടിച്ചേത്തു. ശുഭം ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. കേവലം 67 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെയാണ് താരം 82 റണ്‍സെടുത്തത്. താരത്തെ വിഷ്ണു പുറത്താക്കി. വൈകാതെ വെങ്കടേഷ് സെഞ്ചുറി പൂര്‍ത്തിയാക്കി. 84 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഇന്നിംഗ്‌സ

പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പാര്‍ത്ഥ് സഹാനി (7), പുനീത് ദത്തെ (0), മിഹിര്‍ ഹിര്‍വാണി (2), കുമാര്‍ കാര്‍ത്തികേയ സിംഗ് (10) എന്നിവര്‍ വന്നത് പോലെ മടങ്ങി. ആദിത്യ ശ്രീവാസ്തവ (7) പുറത്താവാതെ നിന്നു. വിഷ്ണു ബേസില്‍ എന്നിവര്‍ക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍, മനു കൃഷ്ണന്‍, നിതീഷ് എം ഡി ഓരോ വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചിരുന്നു.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, വത്സല്‍ ഗോവിന്ദ് എന്നിവര്‍ ടീമിലെത്തി. വിനൂപ്, അക്ഷയ് കെ സി എന്നിവരാണ് പുറത്തായത്.  

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, മനു കൃഷ്ണന്‍, ജലജ് സക്‌സേന, നിതീഷ് എം ഡി, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്. 

മധ്യപ്രദേശ്: അഭിഷേക് ഭണ്ഡാരി, സിദ്ധാര്‍ത്ഥ് പടിദാര്‍, രജത് പടിദാര്‍, വെങ്കടേഷ് അയ്യര്‍, ശുഭം ശര്‍മ, മിഹിര്‍ ഹിര്‍വാണി, പുനീത് ദത്ത്, ആവേഷ് ഖാന്‍, പാര്‍ത്ഥ് സാഹ്നി, ആദിത്യ ശ്രീവാസ്തവ, കുമാര്‍ കാത്തികേയ സിംഗ്.

click me!