
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) ഉത്തരാഖണ്ഡിനെതിരെ (Uttarakhand) കേരളത്തന് 225 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഉത്തരാഖണ്ഡിന് ക്യാപ്റ്റന്‍ ജയ് ബിസ്ത (93) ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ദിക്ഷന്‍ശു നേഗി (52) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. നിതീഷ് എം ഡി മൂന്നും ബേസില്‍ തമ്പി രണ്ട് വിക്കറ്റും നേടി.
രണ്ടാം ഓവറില്‍ തന്നെ കേരളം ആദ്യ വിക്കറ്റ് വീഴ്ത്തി. നീതീഷിന്റെ പന്തില്‍ തനുഷ് ഗുസൈന്‍ (1) വിഷ്ണു വിനോദിന് ക്യാച്ച് നല്‍കി. പിന്നാലെയെത്തിയ വൈഭവ ഭട്ട് (10) റണ്ണൗട്ടായി. റോബിന്‍ ബിസ്റ്റിനും (5) ഇതുതന്നെയാണ് സംഭവിച്ചത്. സ്വപ്‌നില്‍ സിംഗിനെ സക്‌സേന ബൗള്‍ഡാക്കിയപ്പോള്‍ ഉത്തരാഖണ്ഡ് നാലിന് 65 എന്ന നിലയിലേക്ക് വീണു. പിന്നാലെ ഒത്തുച്ചേര്‍ന്ന ബിസ്ത- നേഗി സഖ്യം ഇതുവരെ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കി വിനൂപ് ഷീല മനോഹരന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി.
നേഗിയെ ബേസില്‍ തമ്പി ബൗള്‍ഡാക്കിയതോടെ ഉത്തരാഖണ്ഡ് വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയവരില്‍ ഹിമാന്‍ഷു ബിഷ്ട് (29), ദീപേഷ് എസ് നെയ്ല്‍വാള്‍ (20) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
മൂന്ന് മത്സരങ്ങളും ജയിച്ച കേരളം 12 പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ ഒന്നാമതാണ്. മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് പിറകിലാണ് ഇരുവരും.
കേരളം: സഞ്ജു സാംസണ്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, നിതീഷ് എം ഡി, വിനൂപ് ഷീല മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വിശ്വേശ്വര്‍ സുരേഷ്.
ഉത്തരാഖണ്ഡ്: വൈഭവ് ഭട്ട്, ഹിമാന്‍ഷു ബിഷ്ട്, എ മധ്വാള്‍, നേഗി, മുഹമ്മദ് നസീം, ദീപേഷ് എസ് നൈല്‍വാള്‍, റോബിന്‍ ബിസ്റ്റ്, സ്വപ്‌നില്‍ സിംഗ്, ജയ് ബിസ്ത, തനുഷ് ഗുസൈന്‍, അഗ്രിം തിവാരി.