
കാബൂള്‍: അടുത്ത വര്‍ഷം (2022) മാര്‍ച്ചില്‍ അഫ്‌ഗാനിസ്ഥാനെതിരെ (Afghanistan Cricket Team) ടീം ഇന്ത്യ (Team India) മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്ക് ആതിഥേയത്വം വഹിക്കും. 2022-23 വര്‍ഷങ്ങളിലേക്കുള്ള മത്സരക്രമം അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഹോം, എവേ രീതികളിലായി 37 ഏകദിനങ്ങളും 12 ടി20കളും മൂന്ന് ടെസ്റ്റുകളുടെ അടങ്ങുന്നതാണ് അഫ്‌ഗാന്‍റെ ഷെഡ്യൂള്‍. ഇതിനൊപ്പം ഐസിസി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്‍റുകളിലും വരുന്ന രണ്ട് വര്‍ഷത്തിനിടെ അഫ്‌ഗാന്‍ ടീം പങ്കെടുക്കും.
അഫ്‌ഗാന്‍ 18 ഹോം മത്സരങ്ങളും 34 എവേ മത്സരങ്ങളുമാണ് രണ്ട് വര്‍ഷത്തിനിടെ കളിക്കുക. അതിന് പുറമെ 2022, 2023 ഏഷ്യാ കപ്പുകളും ടി20 ലോകകപ്പ് 2022, ക്രിക്കറ്റ് ലോകകപ്പ് 2023 എന്നിവയും അഫ്‌ഗാന്‍ ടീമിന് മുന്നിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ നീട്ടിവച്ച പാകിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര പുനക്രമീകരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് ശ്രമിക്കുന്നതായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2023 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി മത്സരങ്ങള്‍ നടത്താനാണ് ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഭാവിയില്‍ കൂടുതല്‍ പരമ്പരകള്‍ സംഘടിപ്പിക്കാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായും അഫ്‌ഗാന്‍ ചര്‍ച്ചകളിലാണ്.