യു-ടേൺ അടിച്ച് വിരാട് കോലി, നിലപാട് മാറ്റിയത് വൻ സമ്മർദത്തെ തുടർന്ന്? 2010 ന് ശേഷം ആദ്യമായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും

Published : Dec 03, 2025, 12:15 AM IST
Virat Kohli

Synopsis

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന പുതിയ നിർദേശത്തോട് ഇടഞ്ഞുനിന്ന വിരാട് കോലി ഒടുവിൽ നിലപാട് മാറ്റിയതായി റിപ്പോർട്ട്. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്ന് താരം ഈ മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ദില്ലിക്കായി കളിക്കാൻ തീരുമാനിച്ചു. 

റായ്‌പൂർ: ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ച് മികവ് തെളിയിക്കണമെന്നാണ് നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കുള്ള നിർദേശം. ചീഫ് സെലക്ടർ അജിത് അഗാർക്കറും കോച്ച് ഗൗതം ഗംഭീറും കൊണ്ടുവന്ന പുതിയ പരിഷ്‌കാരത്തോട് മുഖം തിരിച്ച് ഇടഞ്ഞ് നിൽക്കുകയായിരുന്നു ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. രോഹിത് ശർമ ആഭ്യന്തര ലീഗിൽ മുംബൈക്കായി കളിക്കാൻ തയ്യാറായതിനാൽ വിരാട് കോലി ഈ നിലപാടിൽ ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. ബിസിസിഐക്ക് തന്നെ തലവേദനയായി മാറുമെന്ന് കരുതിയ ഈ നിലപാടിൽ നിന്ന് ഇപ്പോൾ വിരാട് കോലി യു-ടേൺ അടിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ഫോമിൽ കാണികളെ ആവേശത്തിലാക്കി താൻ നേടിയ സെഞ്ച്വറിയാണ് കോലി ഗംഭീറിന് കൊടുത്ത പരോക്ഷ മറുപടി. കോലിയുടെ സെഞ്ച്വറി നേടിയ ശേഷമുള്ള ആഘോഷവും ഇതിനോട് രോഹിതിൻ്റെ പ്രതികരണവും കണ്ട ബിസിസിഐക്കകത്തെ കല്ലുകടി അറിയാവുന്നവരെല്ലാം ഒന്നടങ്കം ഇത് ഗംഭീറിനുള്ള ഗംഭീര മറുപടിയെന്ന് എഴുതി. സെഞ്ച്വറി കരുത്തിൽ ഇനി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് താൻ എന്താണ് തെളിയിക്കേണ്ടതെന്ന ചോദ്യവും വിരാട് കോലി മുന്നോട്ട് വെച്ചു. പക്ഷെ രോഹിത് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചത് കോലിയെ സംബന്ധിച്ച് ക്ഷീണമായി. ഒറ്റയ്ക്കുള്ള പ്രതിരോധം ഇപ്പോൾ ബിസിസിഐ തലപ്പത്തുള്ളവർ ചെലുത്തിയ സമ്മർദ്ദത്തെ തുടർന്ന് വിരാട് കോലി അവസാനിപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം 24 ന് തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിയിൽ ദില്ലിക്ക് വേണ്ടി വിരാട് കോലി പാഡണിയും എന്നാണ് പുറത്തുവരുന്നത്. എന്നാൽ ഇത് കിങ് കോലിയുടെ സമ്പൂർണ കീഴടങ്ങലല്ല. ടൂർണമെൻ്റിലുടനീളം ദില്ലിക്ക് വേണ്ടി വിരാട് കോലി കളിക്കാനുണ്ടാവുമോയെന്ന ചോദ്യവും ശക്തമാണ്. പേരിന് കുറച്ച് മത്സരങ്ങൾ കളിക്കൂവെന്നാണ് വിരാട് കോലിക്ക് മുന്നിൽ ബിസിസിഐ ഭാരവാഹികൾ വെച്ച നിർദേശമെന്നും ഇത് കോലി അംഗീകരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കുടുംബത്തോടൊപ്പം കഴിയാനായി കോലി ലണ്ടനിലേക്ക് പോകും. ഇവിടെ നിന്ന് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കാനായി അദ്ദേഹം തിരികെ വരും. ഇതിന് മുൻപ് 2010 ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത്. സർവീസസ് ടീമിനെതിരായ മത്സരത്തിലായിരുന്നു ഇത്. അതേസമയം കോലിയുടെ സാന്നിധ്യം ദില്ലി ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആവേശമായി മാറും. ബെംഗളൂരുവിൽ ഡിസംബർ 24 ന് ആന്ധ്രയാണ് ദില്ലിയുടെ ആദ്യ എതിരാളികൾ. ആദ്യ ഘട്ടത്തിൽ ആറ് മത്സരങ്ങളാണ് ദില്ലിക്കുള്ളത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞങ്ങള്‍ അങ്ങനെ കളിച്ചത് ബോധപൂര്‍വം', പരീക്ഷണം പാളിയതില്‍ വിശദീകരണവുമായി സൂര്യകുമാര്‍ യാദവ്
'ടി20 ലോകകപ്പിൽ ഇന്ത്യയുടെ 16 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുക സഞ്ജു', വമ്പൻ പ്രവചനവുമായി റെയ്ന