മോശം പ്രകടനത്തിന് രഹാനെയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കോലി

By Web TeamFirst Published Feb 9, 2021, 6:44 PM IST
Highlights

മുമ്പും ഞാനിക്കാര്യം പലതവണ വ്യക്തമാക്കിയതാണ്. ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരക്കൊപ്പം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്സ്മാനാണ് രഹാനെ. അത് എല്ലായപ്പോഴും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്‍റെ കഴിവുകളില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ട്. കളി മാറ്റി മറിക്കാന്‍ കഴിവുള്ള താരമാണ് രഹാനെ.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞ സ്കോറില്‍ പുറത്തായതിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി. രഹാനെയുടെ കഴിവുകളില്‍ ഇന്ത്യന്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞു.

മുമ്പും ഞാനിക്കാര്യം പലതവണ വ്യക്തമാക്കിയതാണ്. ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരക്കൊപ്പം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്സ്മാനാണ് രഹാനെ. അത് എല്ലായപ്പോഴും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്‍റെ കഴിവുകളില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ട്. കളി മാറ്റി മറിക്കാന്‍ കഴിവുള്ള താരമാണ് രഹാനെ.

ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രഹാനെ സെഞ്ചുറി നേടിയിരുന്നു. അതും ടീമിന് ഏറ്റവും അവശ്യമായ ഘട്ടത്തില്‍. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പര നേടുന്നതില്‍ ആ സെഞ്ചുറി എത്രമാത്രം പ്രധാനമായിരുന്നു എന്നും.

ഇവിടെ ഒരു ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. ചെന്നൈ ടെസ്റ്റിലെ പ്രകടനം നമുക്ക് മറക്കാം. ആദ്യം ഇന്നിംഗ്സില്‍ ബൗണ്ടറി ഷോട്ടിന് ശ്രമിച്ചപ്പോള്‍ ജോ റൂട്ടിന്‍റെ ഉജ്ജ്വല ക്യാച്ചിലാണ് രഹാനെ പുറത്തായത്. ആ പന്ത് ബൗണ്ടറിയാവുകയും അദ്ദേഹം റണ്‍സടിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യമേ ഉയരില്ലായിരുന്നു.

ടീമിനക്കത്ത് പ്രശ്നങ്ങളൊന്നുമില്ല. എല്ലാവരും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച ടീമെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങള്‍ എല്ലായാപ്പോഴും ശ്രമിക്കുന്നത്-കോലി പറഞ്ഞു.

ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്ണിന് പുറത്തായ രഹാനെ രണ്ടാം ഇന്നിംഗ്സില്‍ ആന്‍ഡേഴ്സന്‍റെ അതിശക്തമായ എല്‍ബിഡബ്ല്യു അപ്പീലിനെ അതിജീവിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു. മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ശേഷം കളിച്ച മത്സരങ്ങളില്‍ 4, 22, 24, 37, 1, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോര്‍.

കോലിക്ക് കീഴില്‍ ഇന്ത്യയില്‍ കളിച്ച 18 മത്സരങ്ങളില്‍ 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറി ഒഴിച്ചാല്‍ ആറ് അര്‍ധസെഞ്ചുറി മാത്രമാണ് രഹാനെക്ക് നേടാനായത്. 18 മത്സരങ്ങളില്‍ 29.96 ശരാശരിയില്‍ 779 റണ്‍സാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ പിച്ചുകളില്‍ രഹാനെയുടെ നേട്ടം.

click me!