
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഗ്രൗണ്ടിലെ ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി ആര്‍സിബി സമ്മിറ്റില്‍ പറഞ്ഞു.
നിങ്ങള്‍ ഏത് കളിക്കാരനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്നു ചോദിച്ചു നോക്കു. വേണമെന്നായിരിക്കും മറുപടി. ഒരു മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍മുറിയില്‍ ദു:ഖിച്ചിരിക്കാന്‍ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണരീതിയില്‍ ഇരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. കളിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് കളിക്കാരന്‍റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവു. ജീവിതത്തില്‍ പലപ്പോഴും പല സാഹചര്യങ്ങൾ ചേര്‍ന്നാണ് നമ്മളെ നോര്‍മലായി ഇരിക്കാന്‍ സഹായിക്കുന്നത്. മോശമായ അർത്ഥത്തിലല്ല ഇത് പറയുന്നത്. കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞാല്‍ എല്ലാവരും കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. പിന്നീട് സാധാരണ കുടുംബ ജീവിതം നയിക്കാനും-കോലി പറഞ്ഞു.
ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു താരം ഭാര്യയെയും ഭാര്യയുടെ അമ്മൂമ്മയെയും കുട്ടികളെ നോക്കാനായി ആയയെയും വരെ ബിസിസിഐ ചെലവില്‍ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായും ഇത് വിരാട് കോലിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു താരം പേഴ്സണല്‍ കുക്കിനെ കൊണ്ടുപോയിരുന്നുവെന്നും വേറൊരു താരം 250 കിലോയിലധികം ലഗേജ് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ ഇനി മുതല്‍ പരമാവധി രണ്ടാഴ്ചയും അതില്‍ താഴെയുള്ള പരമ്പരകളില്‍ പരമാവധി ഒരാഴ്ച മാത്രവും കുടുംബത്തെ കൂടെ കൂട്ടാന്‍ അനുവദിക്കൂ എന്ന് ബിസിസിഐ കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ചാമ്പ്യൻസ് ട്രോഫി മുതല്‍ ബിസിസിഐ തീരുമാനം നടപ്പാക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!