
ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡിന് അരികെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്ന് മത്സര പരമ്പരയില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ കോലിക്കാവും. രണ്ട് സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടന്ന് റെക്കോര്‍ഡ് ബുക്കില്‍ ഒന്നാമനാവാനും കോലിക്ക് ഈ പരമ്പരയില്‍ അവസരമുണ്ട്.
ഇന്ത്യയില്‍ കളിച്ച 101 ഏകദിന മത്സരങ്ങളില്‍ 19 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും കോലിക്ക് സ്വന്തമാവും. നിലവില്‍ എട്ട് സെഞ്ചുറികള്‍ വീതം നേടി സച്ചിനും കോലിയും ഒപ്പമാണ്.
ശ്രീലങ്കക്കെിരെ കളിച്ച 84 മത്സരങ്ങളില്‍ സച്ചിന്‍ 3,113 റണ്‍സടിച്ചപ്പോള്‍ 47 മത്സരങ്ങളില്‍ നിന്ന് കോലി 2,220 റണ്‍സ് നേടി. ശ്രീലങ്കക്കെതിരെ എട്ട് സെഞ്ചുറിക്ക് പുറമെ 19 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. ഏകദിനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡിലും സച്ചിനൊപ്പം കോലിയും ഒപ്പമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഇരുവരും ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയാല്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ 10 ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. പരമ്പരയില്‍ 180 റണ്‍സ് കൂടി നേടിയാല്‍ ഏകദിന റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചിലെത്താനും കോലിക്കാവും. സച്ചിന്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് നിലവില്‍ കോലിക്ക് മുന്നിലുള്ളവര്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയാണ് കോലി 1214 ദിവസമായുള്ള ഏകദിന സെഞ്ചുറി വരള്‍ച്ചക്ക് വിരമാമിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!