
ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയിലാണ്. വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 312-2 റണ്‍സെന്ന സ്കോറിലാണ് ക്രീസ് വിട്ടത്. 143 റണ്‍സോടെ യശസ്വി ജയ്‌സ്വാളും 36 റണ്‍സോടെ വിരാട് കോലിയുമാണ് ക്രീസില്‍. രണ്ടാം ദിനം ശുഭ്മാന്‍ ഗില്‍ പുറത്തായശേഷം ക്രീസിലെത്തിയ വിരാട് കോലി തന്‍റെ ആദ്യ ബൗണ്ടറി നേടാന്‍ 81 പന്തുകള്‍ എടുത്തിരുന്നു.
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ വിന്‍ഡീസ് സ്പിന്നര്‍മാരായ റഹീം കോണ്‍വാളും ജോമെല്‍ വാറിക്കനും കോലിയെയും ജയ്‌സ്വാളിനെയും ക്രീസില്‍ പൂട്ടിയിടുകയും ചെയ്തു. ഇതിനിടെ തന്‍റെ ആദ്യ ബൗണ്ടറി നേടിയതിന് പിന്നാലെ കോലി ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനോട് പറയുന്ന കാര്യങ്ങള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. പാര്‍ട്ട് ടൈം സ്പിന്നറായ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് അനുവദനീയമായതിലും കൂടുതല്‍ കൈമടക്കിയാണ് പന്ത് എറിയുന്നതെന്നാണ് കോലി ജയ്‌സ്വാളിനോട് വിളിച്ചു പറയുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.
വിന്‍ഡീസ് നായകന്‍റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെങ്കിലും കോലിയുടെ പരാമര്‍ശത്തോടെ ബ്രാത്ത്‌വെയ്റ്റ് സംശയനിഴലിലായി. മത്സരത്തില്‍ ആറോവര്‍ പന്തെറിഞ്ഞ ബ്രാത്ത്‌വെയ്റ്റ് 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
പിച്ച് സ്പിന്നര്‍മാരെ തുണക്കുകയും ഔട്ട് ഫീല്‍ഡിന് വേഗമില്ലാതാകുകയും ചെയ്തതോടെയാണ് രണ്ടാം ദിനം ഇന്ത്യന്‍ സ്കോറിംഗ് ഇഴഞ്ഞു നീങ്ങിയത്. ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സടിച്ച ഇന്ത്യക്ക് രണ്ടാം ദിനം രണ്ട് വിക്കറ്റെ നഷ്ടമായുള്ളുവെങ്കിലും 232 റണ്‍സെ സ്കോര്‍ ചെയ്യാനായുള്ളു. കോലി 36 റണ്‍സെടുക്കാന്‍ 96 പന്തുകള്‍ നേരിട്ടപ്പോള്‍ യശസ്വി 350 പന്തിലാണ് 143 റണ്‍സെടുത്തത്. രോഹിത് ആകട്ടെ 221 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താി.