
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍. 2014ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റോടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സഹീര്‍ പിന്നീട് കമന്‍റേറ്ററായും മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ഡയറക്ടറായും തിളങ്ങി. സഹീറിന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് വിരാട് കോലിയുടെ ഒരു പിഴവാണെന്ന് വെളിപ്പെടുത്തുകയാണ് കോലിയുടെ ബാല്യകാല സുഹൃത്തും ഇന്ത്യന്‍ പേസറുമായ ഇഷാന്ത് ശര്‍മ. ജിയോ സിനിമയിലെ ചര്‍ച്ചക്കിടെയാണ് ഇഷാന്ത് രസകരമായ ആ സംഭവം വിവരിച്ചത്.
2014ലെ ന്യൂസിലന്‍ഡ് പര്യടനത്തിനുശേഷമായിരുന്നു സഹീര്‍ ഖാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2014 ഫെബ്രുവരിയില്‍ വെല്ലിംഗ്ടണില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ സഹീര്‍ ഖാന്‍റെ പന്തില്‍ ന്യൂസിലന്‍ഡ് നായകനായിരുന്ന ബ്രണ്ടന്‍ മക്കല്ലം നല്‍കിയ ക്യാച്ച് വിരാട് കോലി കൈവിട്ടിരുന്നു. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ സെഷനിലായിരുന്നു അത്. ആ മത്സരത്തില്‍ മക്കല്ലം ട്രിപ്പിള്‍ സെഞ്ചുറി അടിക്കുകയും കിവീസ് ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 680 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.
ആദ്യ ദിനത്തിലെ ആദ്യ സെഷനിലായിരുന്നു കോലി സഹീറിന്‍റെ പന്തില്‍ മക്കല്ലത്തിന്‍റെ ക്യാച്ച് നിലത്തിട്ടതെന്ന് ഇഷാന്ത് പറഞ്ഞു. അതുകൊണ്ടുതന്നെ ലഞ്ചിന് പിരിയുമ്പോള്‍ കോലി സഹീറിന് അടുത്തെത്തി ക്യാച്ച് കൈവിട്ടതിന് ക്ഷമ ചോദിച്ചു. സഹീര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത്, അതൊന്നും സാരമില്ല, അവന്‍റെ വിക്കറ്റ് നമ്മളെടുക്കും എന്നായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോഴും കോലി സഹീറിനോട് ചെന്ന് ക്ഷമ ചോദിച്ചു. അപ്പോഴും സഹീര്‍ പറഞ്ഞു, പേടിക്കേണ്ട, അവനെ നമ്മള്‍ വീഴ്ത്തും.എന്നാല്‍ മൂന്നാം ദിനം ചായക്ക് പിരിയുമ്പോഴും മക്കല്ലം ട്രിപ്പിള്‍ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്നു. അപ്പോഴും കോലി ചെന്ന് സഹീറിനോട് ക്യാച്ച് കൈവിട്ടതിന് ക്ഷമ ചോദിച്ചപ്പോഴാണ് സഹീര്‍ പറഞ്ഞത്,ഒരു ക്യാച്ച് കൈവിട്ടപ്പോള്‍ സംഭവിച്ചത് ട്രിപ്പിള്‍ സെഞ്ചുറിയാണ്. നീ കൈവിട്ട ക്യാച്ച് എന്‍റെ കരിയര്‍ തന്നെ അവസാനിപ്പിച്ചുവെന്ന്.
കോലിയെ കാണുമ്പോഴെല്ലാം താന്‍ ഇക്കാര്യം ഓര്‍മിപ്പിക്കാറുണ്ടെന്ന് സഹീര്‍ പറഞ്ഞു. കിരണ്‍ മോറെ ഇംഗ്ലണ്ടിന്‍റെ ഗ്രഹാം ഗൂച്ചിനെ കൈവിട്ടപ്പോള്‍ അദ്ദേഹം 300 റണ്‍സടിച്ചു. കോലി മക്കല്ലത്തെ കൈവിട്ടപ്പോള്‍ മക്കല്ലവും 300 റണ്‍സടിച്ചു. ചരിത്രത്തില്‍ രണ്ട് തവണയെ ഇത് സംഭവിച്ചിട്ടുള്ളു എന്ന് ഞാന്‍ തമാശയായി കോലിയോട് പറയാറുണ്ട്. എന്നാല്‍ ഇത് പറയുമ്പോള്‍ കോലി അസ്വസ്ഥനാവും. അങ്ങനെ പറയരുതെന്ന് പറയുമെന്നും സഹീര്‍ പറഞ്ഞു.കോലിയെയും സഹീറിനെയും ഒരുമിച്ചു കാണുമ്പോള്‍ ഇഷാന്തും ഇക്കഥ പറയാറുണ്ട്. എന്നാല്‍ തന്‍റെ ദീര്‍ഘകാല സുഹൃത്തായ കോലി അത് കാര്യമാക്കില്ലെന്ന് തനിക്കറിയാമെന്നും ഇഷാന്ത് തമാശയായി പറഞ്ഞു.
ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായെങ്കിലും ഇഷാന്ത് ശര്‍മ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. സഹീറും ഇഷാന്തും ടെസ്റ്റില്‍ 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സഹീര്‍ 92 ടെസ്റ്റില്‍ നിന്നാണ് 311 വിക്കറ്റുകളെടുത്തതെങ്കില്‍ ഇഷാന്ത് 105 ടെസ്റ്റില്‍ നിന്നായിരുന്നു 311 വിക്കറ്റെടുത്തത്.ഇരുവരും 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.