
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ നായകനാണ് വിരാട് കോലി. കോലി ക്യാപ്റ്റനായതോടെയാണ് ഫിറ്റ്നസ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്. സഹതാരങ്ങള്‍ക്കെല്ലാം മാതൃകയായി കോലി തന്നെ തന്‍റെ ഫിറ്റ്നസ് എക്കാലവും നിലനിർത്തി ശ്രദ്ധിച്ചുപോന്നു. അതിനാല്‍ കാര്യമായ പരിക്കുകള്‍ കരിയറില്‍ കോലിയെ അലട്ടിയുമില്ല. ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കും മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഒരിക്കല്‍ക്കൂടി അനായാസം ഫിറ്റ്നസ് തെളിയിച്ചിരിക്കുകയാണ് വിരാട് കോലി.
ടീം ഇന്ത്യയുടെ ഏറ്റവും ഒടുവില്‍ അവസാനിച്ച അയർലന്‍ഡ് പര്യടനത്തില്‍ കളിക്കാതിരുന്ന താരമാണ് വിരാട് കോലി. എന്നാല്‍ ഏഷ്യാ കപ്പ് ടീം ക്യാംപിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കോലി എത്തിയത് പൂർണ ഫിറ്റ്നസില്‍. വിശ്രമത്തിലായിരുന്ന കഴിഞ്ഞ നാളുകളിലും ബിസിസിഐ നിർദേശം അനുസരിച്ച് കോലി തന്‍റെ ഫിറ്റ്നസ് ശ്രദ്ധിച്ചു എന്ന് വ്യക്തം. എന്‍സിഎയില്‍ ഇന്നത്തെ യോയേോ ടെസ്റ്റില്‍ 17.2 ആണ് കോലി സ്കോർ ചെയ്തത്. ഫിറ്റ്നസ് പരീക്ഷ വിജയിച്ചതായി കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചു.
വിരാട് കോലിക്ക് പുറമെ അയർലന്‍ഡ് പര്യടനത്തിന് ഇല്ലാതിരുന്ന രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങള്‍ക്കും യോയോ ടെസ്റ്റുണ്ട്. വിന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ ഈ താരങ്ങളോട് ഓഗസ്റ്റ് 9 മുതല്‍ 22 വരെ 13 ദിവസത്തേക്ക് പ്രത്യേക വർക്കൗട്ടുകള്‍ ചെയ്യാന്‍ ബിസിസിഐ മെഡിക്കല്‍ സംഘം നിർദേശിച്ചിരുന്നു. ഇതിന്‍റെ ഫലം അറിയാന്‍ കൂടിയാണ് യോയോ ടെസ്റ്റ്. ഇതിന് പുറമെ ഫുള്‍ ബോഡി ചെക്കപ്പ് അടക്കം ടൂർണമെന്‍റിനായി തിരിക്കും മുമ്പ് താരങ്ങള്‍ക്ക് നടത്തും. ഏഷ്യാ കപ്പില്‍ സെപ്റ്റംബർ 2ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാ കപ്പിന് മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ഫിസിയോമാരും ട്രെയിനർമാരും ചേർന്ന് പ്രത്യേക പരിശീലന പദ്ധതിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. അയർലന്‍ഡ് പര്യടനം കഴിഞ്ഞെത്തിയ താരങ്ങള്‍ ഉടന്‍ തന്നെ എന്‍സിഎയില്‍ ടീം ക്യാംപില്‍ ചേരും. നാളെയാണ് ഏഷ്യാ കപ്പ് ടീം ക്യാംപ് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരങ്ങളെ അടിക്കടിക്ക് പരിക്ക് ബാധിക്കുന്നതിനാല്‍ പ്രത്യേക ശ്രദ്ധയാണ് ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!