വിരാട് കോലി മുന്നില്‍ നിന്ന് നയിച്ചു; ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

Published : Nov 04, 2026, 03:20 PM IST
Virat Kohli

Synopsis

ഓക്‌ലൻഡിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ വിരാട് കോലിയുടെ അർധസെഞ്ചുറിയും അർഷ്ദീപ് സിംഗിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് തുണയായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. രണ്ട് തവണ മഴമുടക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ശുഭ്മാന്‍ ഗില്ലും സംഘവും ജയിച്ചുകയറിയത്. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസ് 40.2 ഓവറില്‍ 185ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നീട് ഇന്ത്യ ബാറ്റിംഗിനെത്തിയപ്പോള്‍ 11-ാം ഓവറില്‍ മഴയെത്തി. പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 167 റണ്‍സാക്കി ചുരുക്കി. എന്നാല്‍ 12-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വീണ്ടും മഴ. തുടര്‍ന്ന് ലക്ഷ്യം 32 ഓവറില്‍ 143 ആക്കി. ഇന്ത്യയാകട്ടെ 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 51 പന്തില്‍ 74 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ (0) പുറത്തായി. കെയ്ല്‍ ജാമിസണായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (37) - കോലി സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മഴയ്ക്ക് ശേഷം 19-ാം ഓവറില്‍ ഗില്‍ മടങ്ങി. ജേക്കബ് ഡഫിയെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കോലി സീഫെര്‍ട്ടിന് ക്യാച്ച് നല്‍കി. 51 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 13 ഫോറും നേടി. അതേ ഓവറിലെ അവസാന പന്തില്‍ അക്‌സര്‍ പട്ടേലും (0) മടങ്ങി. 22-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ക്കും (15) മടങ്ങേണ്ടി വന്നി. ഡഫിയുടെ മൂന്നാം വിക്കറ്റായിരുന്നു. ഇതോടെ അഞ്ചിന് 136 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ കെ എല്‍ രാഹുല്‍ (3), നമന്‍ ധിര്‍ (5) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഡഫി കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും അന്‍ഷൂല്‍ കാംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 38 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അവസാനക്കാരനായി ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് നേടിയ ബ്ലെയര്‍ ടിക്‌നറാണ് മാന്യമായ സ്‌കോര്‍ ആതിഥേയര്‍ക്ക് സമ്മാനിച്ചത്. മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. 40 റണ്‍സിനിടെ വില്‍ യംഗ് (9), ഹെന്റി നിക്കോള്‍സ് (9) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇരുവരേയും അര്‍ഷ്ദീപ് സിംഗാണ് മടക്കിയത്. തുടര്‍ന്ന് ടിം സീഫെര്‍ട്ട് - ഡാരില്‍ മിച്ചല്‍ (28) സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു.

ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയാകുമെന്നിരിക്കെയാണ് ഗുര്‍നൂര്‍ ബ്രാര്‍ ബ്രേക്ക് ത്രൂ നല്‍കുന്നത്. സീഫെര്‍ട്ട് പുറത്ത്. ടോം ലാഥം (3) ബ്രാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കുകയും ഡാരില്‍ മിച്ചല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ന്യൂസിലന്‍ഡ് അഞ്ചിന് 97 എന്ന നിലയിലായി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (4), നതാന്‍ സ്മിത്ത് (1), കെയ്ല്‍ ജാമിസണ്‍ (1) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ എട്ടിന് 131 എന്ന നിലയിലേക്ക് കൂപ്പുകുത്തി ആതിഥേയര്‍. ഗ്ലെന്‍ ഫിലിപ്‌സിന്റെ പോരാട്ടവും (30) ഫലം കണ്ടില്ല. പിന്നീട് അവസാന വിക്കറ്റില്‍ ജേക്കബ് ഡഫി (പുറത്താവാതെ 15) - ടിക്‌നര്‍ സഖ്യം കൂട്ടിചേര്‍ത്ത 39 റണ്‍സാണ് ന്യൂസിലന്‍ഡിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ, ആക്വിബ് നബിക്ക് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ആറ് ഓവര്‍ എറിഞ്ഞ താരം 33 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ടിം സൈഫര്‍ട്ട്, വില്‍ യങ്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.

ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യം, സച്ചിനെയും പോണ്ടിംഗിനെയും പിന്നിലാക്കി ലോകറെക്കോര്‍ഡിട്ട് വിരാട് കോലി
ഓക്ക്‌ലൻഡില്‍ ചരിത്രം കുറിച്ച് അൻഷുൽ കാംബോജ്; 21 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം