വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി

By Web TeamFirst Published Sep 3, 2019, 8:32 AM IST
Highlights

ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം കോലി സ്വന്തമാക്കി

കിംഗ്‌സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം കോലി സ്വന്തമാക്കി. കിംഗ്സ്റ്റൺ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയിൽ കോലിയുടെ പേരിൽ 28 ജയങ്ങളായി.

കോലിയുടെ ക്യാപ്റ്റന്‍സിയിൽ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. കോലിയുടെ 28 ടെസ്റ്റ് ജയങ്ങളില്‍ 13 എണ്ണം ഇന്ത്യക്ക് പുറത്താണെന്ന പ്രത്യേകതയുമുണ്ട്. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് കോലി ടെസ്റ്റ് ടീം നായകപദവി ഏറ്റെടുത്തത്. കോലി നായകനായ 10 ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ പത്തെണ്ണം എണ്ണം സമനിലയായി.

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ 257 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ വച്ചുനീട്ടിയ 468 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്  210 റൺസിന് ഓൾ ഔട്ടായി. 50 റൺസെടുത്ത ബ്രൂക്ക്സും 23 റൺസുമായി പരിക്കേറ്റ് മടങ്ങിയ ബ്രാവോയും 38 റൺസെടുത്ത ബ്ലാക്ക്‌വുഡും 39 റൺസെടുത്ത ഹോൾഡറും മാത്രമാണ് പിടിച്ചുനിന്നത്. ജയത്തോടെ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി. രണ്ട് തുടർ ജയങ്ങളോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് 120 പോയിന്റായി. 

click me!