കരിയറിലെ ഏറ്റവും പ്രിയപെട്ട രണ്ട് മത്സരങ്ങള്‍ തെരഞ്ഞെടുത്ത് കോലി

By Web TeamFirst Published May 9, 2020, 6:02 PM IST
Highlights

കൊവിഡ് 19നെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിച്ചാലും മുമ്പുണ്ടായിരുന്ന മാസ്മരിക അന്തരീക്ഷം തിരിച്ചുവരുമോ എന്ന് സംശയമാണെന്ന് കോലി

ദില്ലി: ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങള്‍ നല്‍കിയിട്ടുള്ള താരമാണ്  വിരാട് കോലി. എന്നാല്‍ കോലിയുടെ 'പേഴ്സണല്‍ ഫേവറൈറ്റാ'യ മത്സരം ഏതായിരിക്കും. കൂടുതല്‍ ആലോചനകളില്ലാതെ കോലി നല്‍കിയ മറുപടി ആരാധകരെല്ലാം പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
2011ലെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് ഫൈനല്‍. സെവാഗും സച്ചിനും പുറത്തായശേഷം നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കോലി ഗൗതം ഗംഭീറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 35 റണ്‍സായിരുന്നു കോലി അന്ന് നേടിയത്.

കരിയറില്‍ എന്നും ഓര്‍മിക്കുന്ന മറ്റൊരു മത്സരം 2016ലെ ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലാണെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് കോലി പറഞ്ഞു. 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയുടെ മികവില്‍ ഓസീസിനെ കീഴടക്കി ഇന്ത്യ സെമിയിലെത്തിയിരുന്നു. സെമിയില്‍ വിന്‍ഡിസാനോട് തോറ്റ് പുറത്തായി.

Also Read: കോലി മാത്രമാണോ കേമന്‍, നിങ്ങള്‍ അവനിലേക്ക് നോക്കൂ; പാക് യുവതാരത്തെ പുകഴ്ത്തി ടോം മൂഡി

കൊവിഡ് 19നെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിച്ചാലും മുമ്പുണ്ടായിരുന്ന മാസ്മരിക അന്തരീക്ഷം തിരിച്ചുവരുമോ എന്ന് സംശയമാണെന്ന് കോലി പറഞ്ഞു. കാരണം ആവേശം തുളുമ്പുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

കൊവിഡ് കാലം കഴിഞ്ഞ് മത്സരങ്ങള്‍ പുനരാരംഭിക്കും. പക്ഷെ പഴയ മാസ്മരിക അന്തരീക്ഷം ഇനി തിരിച്ചുവരുമോ എന്നത് സംശയമാണ്. കാരണം മത്സരത്തിലെ ആവേശവും സമ്മര്‍ദ്ദവുമെല്ലാം ഗ്യാലറിയിലും അതുപോലെ പ്രതിഫലിക്കാറുണ്ട്. അത്തരം ആവേശങ്ങളൊക്കെ ഇനി വീണ്ടും കാണാനാകുമോ എന്ന് അറിയില്ല. ഇതൊക്കെയാണെങ്കിലും കാണികളില്ലാതെ മത്സരങ്ങള്‍ നടത്തിയാലും അത് കളിക്കാരുടെ പോരാട്ടവീര്യത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോലി പറഞ്ഞു.

Also Read: കോലിയുടെ പ്രകോപനമാണ് കാരണം; ഐപിഎല്ലിലെ അമാനുഷിക ഇന്നിംഗ്സിനെക്കുറിച്ച് ആന്ദ്രെ റസല്‍

click me!