കൊല്‍ക്കത്ത: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ വെടിക്കെട്ട് ഇന്നിംഗ്സിന് പിന്നിലെ പ്രകോപനം വിരാട് കോലിയാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസല്‍. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 13 പന്തില്‍ 48 റണ്‍സടിച്ച് റസല്‍ കൊല്‍ക്കത്തക്ക് അവിശ്വസനീയ ജയം സ്വന്തമാക്കിയിരുന്നു.

ബാഗ്ലൂരിനെതിരെ ഞാനും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നോ രണ്ടോ ബൗണ്ടറിയടിച്ചശേഷം കാര്‍ത്തിക് പുറത്തായി. വിരാട് കോലിയാണ് കാര്‍ത്തിക്കിനെ പുറത്താക്കിയ ക്യാച്ച് എടുത്തത് എന്നാണെന്റെ ഓര്‍മ. ക്യാച്ചെടുത്തശേഷം കോലി കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂറിനും കളിക്കാരുടെ ഭാര്യമാര്‍ക്കും നേരെ തിരിഞ്ഞ് 'കമോണ്‍' എന്ന് ആംഗ്യം കാട്ടി വിക്കറ്റ് വീഴ്ച ആഘോഷിച്ചു. ഇത് ഞാന്‍ കണ്ടിരുന്നു. കോലിയുടെ ആ പ്രകടനം എന്നെ ശരിക്കും പ്രകോപിപ്പിച്ചു.

കാര്‍ത്തിക്ക് പുറത്തായശേഷം ക്രീസിലെത്തിയ യുവതാരം ശുഭ്‌മാന്‍ ഗില്ലിനോട് ഞാന്‍ പറഞ്ഞു, എനിക്ക് നേരെ വരുന്ന എല്ലാ പന്തുകളും ഞാന്‍ അടിച്ചു പറത്താന്‍ പോവുകയാണ്.  നീ എനിക്ക് പരമാവധി സ്ട്രൈക്ക് നല്‍കണം. നിങ്ങള്‍ പറയുന്നതുപോലെ എന്നായിരുന്നു ഗില്ലിന്റെ മറുപടി. പിന്നെ സിക്സര്‍ മഴയായിരുന്നു.

Also Read:എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍; നിലവിലെ ടീമില്‍ നിന്ന് ഒരാള്‍ മാത്രം

സിക്സറടിക്കുമ്പോള്‍ ഞാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നോക്കിയതേയില്ല. കാരണം ബാംഗ്ലൂരിനായി ആര്‍പ്പുവിളിക്കുന്ന കാണികളെ കാണുമ്പോള്‍ എനിക്ക് സമ്മര്‍ദ്ദം കൂടും. ഓരോ സിക്സിനുശേഷം ഗില്ലിന് അടുത്തെത്തി പഞ്ച് ചെയ്ത് പരമാവധി ശ്വാസമെടുത്ത് അടുത്ത പന്ത് നേരിടാനായി ഞാന്‍ ക്രീസിലെത്തും. അത് നമ്മളെ ശാന്തനാക്കും. ചുറ്റുപാടും നോക്കുന്നത് നമ്മുടെ  ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയേയുള്ളു-റസല്‍ പറഞ്ഞു.

13 പന്തില്‍ 48 റണ്‍സെടുത്ത റസലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ മികവില്‍ കൊല്‍ക്കത്ത അഞ്ച് പന്ത് ബാക്കി നില്‍ക്കെ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ചു. ഒരുഘട്ടത്തില്‍ അസാധ്യമെന്ന് കരുതിയ വിജയമാണ് റസലാട്ടത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. അവസാന ഒമ്പത് പന്തുകളില്‍  6,6,6,1,6,6,6,4,6 എന്നിങ്ങനൊയയിരുന്നു റസലിന്റെ സ്കോറിംഗ്.