
ദില്ലി: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ആവേശത്തില്‍ മുന്നോട്ട് പോകുമ്പോള്‍ വിരാട് കോലിയുടെ രസകരമായ ഒരു വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. വിരാട് കോലിയും പരിശീലകൻ രാഹുല്‍ ദ്രാവിഡും തമ്മില്‍ കാര്യമായ എന്തോ ചര്‍ച്ച നടത്തുന്നതിനിടെ ഭക്ഷണം തയാറായിട്ടുണ്ടെന്ന് കോലിയെ അറിയിക്കാനെത്തിയ ഗ്രൗണ്ട് സ്റ്റാഫിനോടുള്ള താരത്തിന്‍റെ പ്രതികരണത്തിന്‍റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. രസകരമായ കമന്‍റുകളുമായാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്. ദില്ലിയില്‍ പ്രചാരണത്തിലുള്ള ഉത്തരേന്ത്യൻ ഭക്ഷണമായ ചോളെ ബട്ടൂരെ മെനുവില്‍ ഉണ്ടെന്ന് ഊഹിച്ച ആരാധകര്‍ വരെയുണ്ട്. വിരാട് കോലിയുടെ പ്രതികരണത്തിനൊപ്പം രാഹുല്‍ ദ്രാവിഡിന്‍റെ ചെറു ചിരിയും കൂടെയാകുമ്പോള്‍ കാണുന്ന ആരിലും ചിരിനിറയും.
അതോ സമയം, ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലില്‍ വിവാദം അവസാനിച്ചിട്ടില്ല. 44 റണ്‍സെടുത്ത് നില്‍ക്കെയാണ് മാത്യു കുനെമാനിന്‍റെ പന്തില്‍ കോലിയെ അമ്പയര്‍ നിതിന്‍ മേനന്‍ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചത്. അമ്പയറുടെ തീരുമാനം കോലി ഡിആര്‍എസിലൂടെ ഉടന്‍ റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയം കൊളളുന്നുവെന്ന് വ്യക്തമായി.
എങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് ബോള്‍ ട്രാക്കിംഗ് എടുക്കാന്‍ നിര്‍ദേശിച്ചു. ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റംപിന്‍റെ വശത്ത് തട്ടുമെന്നാണ് കാണിച്ചതെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഔട്ട് ആയതിനാല്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് കോലിയെ ഔട്ട് വിളിക്കുകയായിരുന്നു. കടുത്ത പ്രതിഷേധമാണ് ഇന്ത്യൻ ആരാധകര്‍ ഈ വിഷയത്തിൽ ഉയര്‍ത്തുന്നത്.