
ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് നേടുന്നത് എത്രത്തോളം മഹത്തരമാണ് എന്ന് കൃത്യമായി 2011ല്‍ അറിയുമായിരുന്നില്ലെന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. അന്ന് 23 വയസ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഏറെ ലോകകപ്പുകള്‍ കളിച്ച സീനിയര്‍ താരങ്ങളെ സംബന്ധിച്ച് 2011ലെ കിരീട നേട്ടത്തിനുള്ള പ്രാധാന്യം ഞാന്‍ മനസിലാക്കിയത് പിന്നീടാണ് എന്നും കോലി വ്യക്തമാക്കി. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായാണ് കിംഗിന്‍റെ വാക്കുകള്‍. ഇന്ത്യയില്‍ വച്ച് ഇതിന് മുമ്പ് അവസാനം നടന്ന ഏകദിന ലോകകപ്പിലായിരുന്നു ധോണിപ്പടയുടെ കിരീടധാരണം.
1983 ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടമായിരുന്നു 2011ലേത്. ക്യാപ്റ്റന്‍ എം എസ് ധോണിക്ക് കീഴില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള ഇതിഹാസ താരങ്ങള്‍ക്ക് കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു ഈ കിരീടം. അപ്പോള്‍ ഇരുപത്തിമൂന്ന് വയസ് മാത്രമായിരുന്നു വിരാട് കോലിക്കുണ്ടായിരുന്നത്. 2011ലെ ലോകകപ്പാണ് തന്‍റെ കരിയറില്‍ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമെന്ന് കോലി പറയുന്നു. പതിനഞ്ച് വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ പൂര്‍ത്തിയായിട്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ കളിക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണ് എന്നും കിംഗ് പറഞ്ഞു. സ്വന്തം നാട്ടില്‍ ഇന്ത്യ വീണ്ടും ലോകകപ്പ് പോരിന് ഇറങ്ങുന്നതിന് മുന്നോടിയാണ് കോലിയുടെ വാക്കുകള്‍.
'എന്‍റെ കരിയറിലെ ഹൈലൈറ്റ് തീര്‍ച്ചയായും 2011 ലോകകപ്പ് ജയമാണ്. എനിക്കന്ന് 23 വയസ് മാത്രമായിരുന്നു പ്രായം. ആ നേട്ടത്തിന്‍റെ മഹത്വം അന്ന് കൃത്യമായി മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ 34 വയസായി, 2011ന് ശേഷം ഏറെ ലോകകപ്പുകള്‍ കളിക്കുകയും കിരീടം നേടാന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ അന്നത്തെ ലോകകപ്പ് നേട്ടം സീനിയര്‍ താരങ്ങളെ സംബന്ധിച്ച് എത്രത്തോളം വൈകാരികമാണ് എന്ന് മനസിലാക്കുന്നു. പ്രത്യേകിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അദേഹത്തിന്‍റെ അവസാന ലോകകപ്പായിരുന്നു ഇത്. അതിന് മുമ്പ് ഏറെ ലോകകപ്പുകള്‍ കളിച്ച സച്ചിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുംബൈയില്‍ ലോകകപ്പ് നേടാനായത് പ്രത്യേക മുഹൂര്‍ത്തമാണ്. സ്വപ്‌ന നേട്ടമാണ് ലോകകപ്പ്' എന്നും കോലി പറഞ്ഞു.
'എല്ലാ താരങ്ങളും 2011 ലോകകപ്പില്‍ സമ്മര്‍ദത്തിലായിരുന്നു. സീനിയര്‍ താരങ്ങളുടെ മേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. ലോകകപ്പ് നേടണമെന്ന ആവശ്യം മാത്രമായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അന്ന് കാര്യമായി സാമൂഹ്യമാധ്യമങ്ങളില്ലാത്തത് വലിയ അനുഗ്രഹമായി. ലോകകപ്പ് വിജയ രാത്രിക്ക് എന്തോ മാന്ത്രികത തോന്നിയെന്നും' കോലി കൂട്ടിച്ചേര്‍ത്തു. നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ് ഉയര്‍ത്തിയത്. എം എസ് ധോണി ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവ്‌രാജ് സിംഗ്, സുരേഷ് റെയ്‌ന, വിരാട് കോലി, യൂസഫ് പത്താന്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, എസ് ശ്രീശാന്ത്, പീയുഷ് ചൗള, ആര്‍ അശ്വിന്‍ എന്നിവരാണുണ്ടായിരുന്നത്.
Read more: ഏഷ്യാ കപ്പ്: കോലി നാലാമനായി ഇറങ്ങണോ? മനസുതുറന്ന് ചങ്ക് ബ്രോ എബിഡി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!