ടീം ആവശ്യപ്പെട്ടാല്‍ കോലി ഏതൊരു ബാറ്റിംഗ് സ്ഥാനത്തും ഇറങ്ങാന്‍ തയ്യാറായേ മതിയാകൂ എന്ന് എബി ഡിവില്ലിയേഴ്‌സ്
ബെംഗളൂരു: ഏഷ്യാ കപ്പിനും ഏകദിന ക്രിക്കറ്റ് ലോകകപ്പിനും മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും ചര്‍ച്ചയാവുന്ന ബാറ്റിംഗ് പൊസിഷന്‍ നാലാം നമ്പറാണ്. ഇതിഹാസ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗിന് പകരംവെക്കാവുന്നൊരു താരം പിന്നീട് നാലാം നമ്പറില്‍ വന്നിട്ടില്ല എന്നാണ് വിമര്‍ശകരുടെ പക്ഷം. 2019 ഏകദിന ലോകകപ്പില്‍ നാലാം നമ്പറുണ്ടാക്കിയ പുലിവാല്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. നാലാം നമ്പറിലേക്ക് വരാനിരിക്കുന്ന ലോകകപ്പില്‍ വിരാട് കോലിയെ പരിഗണിക്കണം എന്നൊരു ആവശ്യം നേരത്തെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇതിനെ പിന്തുണയ്‌ച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവും ഐപിഎല്‍ ടീം ആര്‍സിബിയില്‍ കിംഗ് കോലിയുടെ സഹതാരവുമായിരുന്ന എ ബി ഡിവില്ലിയേഴ്‌സ്.
'ഞാന്‍ വിരാട് കോലി നാലാം നമ്പറില്‍ ബാറ്റേന്താന്‍ എത്തുന്നതിനെ കാര്യമായി പിന്തുണയ്‌ക്കുന്നയാളാണ്. വിരാട് നാലാമനാവാന്‍ പറ്റിയ താരമാണ്. മധ്യനിരയില്‍ ഏത് ചുമതലയും നിര്‍വഹിക്കാന്‍ കഴിയുന്ന താരം. നാലാം നമ്പര്‍ കോലിക്ക് ഇഷ്‌ടപ്പെടുമോ എന്നറിയില്ല. എങ്കിലും ടീം ആവശ്യപ്പെട്ടാല്‍ കോലി ഏതൊരു ബാറ്റിംഗ് സ്ഥാനത്തും ഇറങ്ങാന്‍ തയ്യാറായേ മതിയാകൂ' എന്നും ഡിവില്ലിയേഴ്‌സ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. നിലവില്‍ മൂന്നാമനാണെങ്കിലും ഏകദിന ക്രിക്കറ്റില്‍ മുമ്പ് നാലാം നമ്പറില്‍ ഇറങ്ങിയിട്ടുള്ള താരമാണ് വിരാട് കോലി. 42 മത്സരങ്ങളില്‍ 55.12 ശരാശരിയില്‍ 1767 റണ്‍സ് കോലി നാലാം നമ്പറിലിറങ്ങി ഏകദിനത്തില്‍ സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രേയസ് അയ്യരെയാണ് ഇന്ത്യ നാലാം നമ്പര്‍ ബാറ്ററായി പരിഗണിച്ചത്. എന്നാല്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി. നാലാമനായി ഇറങ്ങിയ 20 മത്സരങ്ങളില്‍ 47.35 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും സഹിതം ശ്രേയസ് 805 റണ്‍സ് പേരിലാക്കി. പരിക്ക് കാരണം ആറേഴ് മാസമായി കളിക്കാത്ത ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിലൂടെ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. നേരത്തെ സൗരവ് ഗാംഗുലി വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രവചിച്ചപ്പോള്‍ വിരാട് കോലിയായിരുന്നു നാലാം നമ്പര്‍ ബാറ്റര്‍. ഏഷ്യാ കപ്പിന് മുന്നോടിയായി ബെംഗളൂരുവില്‍ ആരംഭിച്ച ടീം ക്യാംപിലാണ് വിരാട് കോലി ഇപ്പോഴുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
