Virat Kohli's successor: ടെസ്റ്റ് ടീം നായകന്‍, കോലിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് അസറുദ്ദീന്‍

By Web TeamFirst Published Jan 18, 2022, 6:41 PM IST
Highlights

എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലെയും നമ്പര്‍ വണ്‍ ബാറ്ററാണ് രോഹിത് ശര്‍മയെങ്കില്‍ പിന്നെ രോഹിത്തിനെ ടെസ്റ്റിലും നായകനാക്കുന്നതില്‍ എന്താണ് തടസമെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍.

ഹൈദരാബാദ്: വിരാട് കോലി(Virat Kohli) ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ പുതിയ ക്യാപ്റ്റന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ടി20യിലും ഏകദിനത്തിലും കോലിയുടെ പിന്‍ഗാമിയായി നായകനായത് രോഹിത് ശര്‍മയായിരുന്നു(Rohit Sharma). എന്നാല്‍ ടെസ്റ്റില്‍  കെ എല്‍ രാഹുലിന്‍റെ(KL Rahul) പേരിനാണ് മുന്‍തൂക്കം. രോഹിത്തിന് സ്ഥിരമായി പരിക്കേല്‍ക്കുന്നതും പ്രായവുമായി രോഹിത്തിനെ ടെസ്റ്റ് ടീം നായകനാക്കുന്നതിനുള്ള തടസമായി കണക്കാക്കുന്നത്.

എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലെയും നമ്പര്‍ വണ്‍ ബാറ്ററാണ് രോഹിത് ശര്‍മയെങ്കില്‍ പിന്നെ രോഹിത്തിനെ ടെസ്റ്റിലും നായകനാക്കുന്നതില്‍ എന്താണ് തടസമെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍(Mohammed Azharuddin). വരുന്ന അഞ്ചോ ആറോ വര്‍ഷത്തേക്കുള്ള നായകനെയാണ് നോക്കുന്നതെങ്കില്‍ രോഹിത്തിന് സാധ്യത കുറവാണ്. പക്ഷെ, പരിചയസമ്പത്തില്ലാത്തയാളെ നായകനാക്കിയാല്‍ അത് ഇതിലും വലിയ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ തല്‍ക്കാലത്തേക്ക് രോഹിത്തിനെ ക്യാപ്റ്റനാക്കുന്നതാണ് ഉചിതം.

രോഹിത് മികച്ച കളിക്കാരനാണ്. അതുപോലെ മികച്ച ക്യാപ്റ്റനും. വരുന്ന രണ്ടോ മൂന്നോ വര്‍ഷത്തേക്ക് രോഹിത് കളി തുടരും. ചിലപ്പോള്‍ അതില്‍ക്കൂടുല്‍ കാലം കളിച്ചേക്കാം. ശാരീരികക്ഷമത നിലമിര്‍ത്തുകയായിരിക്കും രോഹിത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. കാരണം, തുടയിലേല്‍ക്കുന്ന പരിക്ക് രോഹിത്തിനെ പതിവായി അലട്ടുന്നതാണ്.

ഏകദിന പരമ്പരയില്‍ രോഹിത്തിന്‍റെ അഭാവം ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം നല്‍കുന്നു. കാരണം, രോഹിത് ആക്രമണോത്സുകനായ കളിക്കാരനാണ്. എന്‍റെ അനുഭവത്തിലും ക്യാപ്റ്റനെന്ന നിലയിലുള്ള പരിചയസമ്പത്തുംവെച്ച് പറയുകയാണെങ്കില്‍ രോഹിത്തിനെ ടെസ്റ്റ് ടീമിന്‍റെ നായകനാക്കണം-അസര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങാനിരിക്കെയാണ് അസറിന്‍റെ പ്രതികരണം. ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു.

click me!