
''മാം, ഞാൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ തെൻഡുല്‍ക്കറാകും'', ഒരു കുരുന്ന് ബാലൻ അവന്റെ ടീച്ചറോട് പറഞ്ഞ വാക്കുകളാണിത്. ഇത്തരമൊരു ചിന്തയുണ്ടാകാത്ത, ഇങ്ങനെയൊരു ആഗ്രഹം മനസില്‍ക്കൊണ്ടുനടക്കാത്ത കുട്ടികളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍, എത്രപേര്‍ക്ക് ആ സ്വപ്നത്തിലേക്ക് എത്താനായിട്ടുണ്ട്, അതും കുറവ് തന്നെ.
അന്ന് ആ കുരുന്നിന്റെ കണ്ണിലെ ആത്മവിശ്വസം കണ്ട് ആശ്ചര്യപ്പെട്ടുപോയിട്ടുണ്ട് വിഭ സച്ച്‌ദേവെന്ന ആധ്യപിക. ആ പയ്യൻ മറ്റാരുമായിരുന്നില്ല വിരാട് കോലിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്ത താരം, ഇതിഹാസപ്പടവുകള്‍ ഓരോന്നായി കയറുന്ന വിരാട് കോലി.
ക്രിക്കേഡിയത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധ്യപികയായ വിഭയുടെ വെളിപ്പെടുത്തല്‍.
''സ്കൂളിലെ പരിപാടികളില്ലാം വളരെ ഊർജത്തോടെ പങ്കെടുത്തിരുന്ന വിദ്യാർഥിയായിരുന്നു വിരാട്. ഒരു ദിവസം വിരാട് ഞങ്ങളോട് പറഞ്ഞു മാം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ ഞാൻ ആകുമെന്ന്. ആ സമയത്ത് അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ചിരി വന്നിരുന്നു. അത് ഒരു പരിഹാസച്ചിരിയായിരുന്നില്ല, അവന്റെ ആത്മവിശ്വാസത്തെ അത്ഭുതത്തോടെ നോക്കിക്കണ്ടപ്പോഴുണ്ടായ സന്തോഷമായിരുന്നു,'' വിഭ പറഞ്ഞു.
''പരീക്ഷകളിലുമെല്ലാം വിരാട് മികച്ച പ്രകടനം നടത്തിയിരുന്നു. ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ഥി. പരിശീലനത്തിനായി അധികസമയം മാറഅറി വെക്കുമ്പോള്‍ മാത്രമായിരുന്നു അല്‍പ്പം മാർക്കെങ്കിലും കുറഞ്ഞിട്ടുള്ളത്. പരിശീലനത്തിന് ശേഷം വീട്ടിലെത്തിയിട്ടാണ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്നതെന്ന് വിരാട് എപ്പോഴും പറയുമായിരുന്നു. കായികത്തിലും പഠനത്തിലും ഒരുപോലെ മുന്നേറാൻ വിരാട് കഠിനാധ്വാനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിലെ അധ്യാപകരും അവന് ആവശ്യമായ പിന്തുണ നല്‍കുമായിരുന്നു,'' വിഭ കൂട്ടിച്ചേർത്തു.
നിലവില്‍ ഐപിഎല്ലിലും മികച്ച ഫോമില്‍ തുടരുകയാണ് വിരാട് കോലി. ഇതിനോടകം സീസണില്‍ 505 റൺസ് 11 മത്സരങ്ങളില്‍ നിന്ന് നേടി. ഏഴ് അർദ്ധ സെഞ്ച്വറികളും കോലി കുറിച്ചു. ടൂർണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാമതാണ് വലം കയ്യൻ ബാറ്റര്‍.
അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ നേടിയപ്പോള്‍ കോലി നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി, 2024 ട്വന്റി 20 ലോകകപ്പ് എന്നിവയാണ് കോലിയുടെ കരിയറിലെ നിര്‍ണായക നേട്ടങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!