Virat Kohli: ക്യാപ്റ്റന്‍സി വിവാദത്തോട് ആദ്യമായി പ്രതികരിച്ച് വിരാട് കോലി

Published : Jan 31, 2022, 05:06 PM IST
Virat Kohli: ക്യാപ്റ്റന്‍സി വിവാദത്തോട് ആദ്യമായി പ്രതികരിച്ച് വിരാട് കോലി

Synopsis

ടീമിലെ നേതാവാകാന്‍ എല്ലായ്പ്പോഴും ക്യാപ്റ്റനായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ധോണി ടീമിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം നേതാവായിരുന്നില്ല എന്നാര്‍ക്കെങ്കിലും പറയാനാകുമോ. ഞങ്ങളെല്ലായ്പ്പോഴും ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്.

ദില്ലി: ടീമിലെ നേതാവാകാന്‍ ക്യാപ്റ്റനായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക്(SA vs IND) പിന്നാലെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞശേഷം ബിസിനസ് ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഫയര്‍സൈഡ് ചാറ്റ് വിത്ത് വികെ' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോലി.

കരിയറില്‍ നിങ്ങള്‍ എന്താണോ ലക്ഷ്യമിടുന്നത്, അത് നേടാന്‍ നിങ്ങള്‍ ഒരുക്കമാണോ എന്നതാണ് പ്രധാനമെന്നും എല്ലാ പദവികള്‍ക്കും ഒരു കാലാവധിയുണ്ടെന്നും ക്യാപ്റ്റന്‍സിക്കും അത് ബാധകമാണെന്നും വിരാട് കോലി പറഞ്ഞു. ശരിയായ സമയത്ത് സ്ഥാനം ഒഴിയുക എന്നതും നേതൃഗുണമാണ്. മറ്റ് ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിക്കുമ്പോഴും സ്വയം ക്യാപ്റ്റനെന്ന് കരുതിയാണ് ഞാന്‍ കളിച്ചിരുന്നത്. ഇപ്പോള്‍ ബാറ്ററെന്ന നിലയില്‍ എനിക്ക് ടീമിനായി കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയും. അതില്‍ ഞാന്‍ അഭിമാനിക്കുകയാണ് വേണ്ടത്.

ടീമിലെ നേതാവാകാന്‍ എല്ലായ്പ്പോഴും ക്യാപ്റ്റനായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ധോണി ടീമിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം നേതാവായിരുന്നില്ല എന്നാര്‍ക്കെങ്കിലും പറയാനാകുമോ. ഞങ്ങളെല്ലായ്പ്പോഴും ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. ജയവും തോല്‍വിയുമൊന്നും നിങ്ങളുടെ കൈകളിലല്ല. ഓരോ ദിവസവും സ്വയം മെച്ചപ്പെടാനും മികവിന്‍റെ പരമ്യത്തിലേക്ക് എത്താനും ശ്രമിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ പദവികള്‍ കൈമാറുക എന്നതും നേതൃഗുണത്തിന്‍റെ ഭാഗമായി കണ്ടാല്‍ മതി. അതും ശരിയായ സമയത്ത് ചെയ്യുക എന്നതാണ് പ്രധാനം.

ഒരാള്‍ക്ക് എല്ലാതരത്തിലുള്ള റോളുകളും അവസരങ്ങളും ലഭിക്കേണ്ടതുണ്ട്. ഞാന്‍ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. പിന്നീട് നായകനായി. നായകനല്ലാത്തപ്പോഴും നായകനായപ്പോഴും ഇത്രയും കാലം എന്‍റെ മനോഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. എല്ലായ്പ്പോഴും ഞാനാണ് നായകന്‍ എന്ന് കരുതി തന്നെയാണ് ഞാന്‍ കളിക്കുന്നത്. അത് ടീമില്‍ വെറുമൊരു കളിക്കാരനായിരിക്കുമ്പോഴും അങ്ങനെ തന്നെയാണ്.

ടീമിന്‍റെ ജയം ആണ് ഏറ്റവും പ്രധാനം. ഞാന്‍ എന്‍റെ മാത്രം നേതാവാണ്. ഞാന്‍ ക്യാപ്റ്റനായപ്പോള്‍ ടീമിലെ അന്തരീക്ഷം മാറ്റാനാണ് ശ്രമിച്ചത്. കഴിവിന്‍റെ കാര്യത്തില്‍ നമ്മള്‍ ഒട്ടും പിന്നിലല്ല. പ്രതിഭകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ഏത് സാഹചര്യത്തിലും ജയിക്കാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനമെന്നും കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍