
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഫോമില്ലായ്‌മ തുടര്‍ന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്കെതിരെ(Virat Kohli) വിമര്‍ശനം ശക്തമാണ്. കോലിയെ ഇന്ത്യന്‍ ടീമില്‍ നിന്നുതന്നെ പുറത്താക്കണം എന്ന് ശക്തമായി വാദിക്കുന്നുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ താരത്തെ ഉള്‍പ്പെടുത്തണ്ടാ എന്ന മറ്റൊരു വാദവും ശക്തം. എന്തായാലും ഫോമില്ലായ്‌മയില്‍ കോലി രൂക്ഷ വിമര്‍ശനം നേരിടുമ്പോള്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍താരം സയ്യിദ് കിര്‍മാനി(Syed Kirmani).
'വിരാട് കോലിക്ക് ഏറെ പരിചയസമ്പത്തുണ്ട്. അദ്ദേഹം ടി20 ലോകകപ്പ് സ്‌ക്വാഡിലുണ്ടാവണം. ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കോലിയെ തടഞ്ഞുനിര്‍ത്താനാവില്ല. അദ്ദേഹമൊരു ഗെയിം ചേഞ്ചറാവും. കോലിയെ പോലെ പരിചയവും കഴിവുമുള്ളൊരു താരം ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കടുത്ത മത്സരമാണുള്ളത്. വിരാട് കോലിയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇതിനകം ടീമില്‍ നിന്ന് പുറത്താകുമായിരുന്നു. ഇതിനകം പ്രതിഭ തെളിയിച്ച വിരാട് കോലിയെ പോലൊരു താരത്തിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കേണ്ടതുണ്ട്' എന്നും സയ്യിദ് കിര്‍മാനി ദൈനിക് ജാഗരണിനോട് പറഞ്ഞു. 1983ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയ ടീമിലംഗമായിരുന്നു കിര്‍മാനി.
2019 നവംബര്‍ 23നാണ് കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്‍റെ അവസാന സെഞ്ചുറി നേടിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ ബാറ്റ് അവസാനമായി 100 കണ്ടെത്തിയത്. അന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സായ 136 റണ്‍സ് കോലി സ്വന്തമാക്കി. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന എട്ട് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16, 17 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. അവസാന സെഞ്ചുറിക്ക് ശേഷം മൂന്ന് ഫോര്‍മാറ്റുകളിലുമായി 2537 റണ്‍സ് കോലി നേടിയപ്പോള്‍ 24 അര്‍ധ സെഞ്ചുറികള്‍ പിറന്നു. എന്നാല്‍ ഒരിക്കല്‍ പോലും മൂന്നക്കത്തിലേക്ക് എത്താനായില്ല.
മുപ്പത്തിമൂന്നുകാരനായ വിരാട് കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. 30 വയസിനുള്ളില്‍ തന്നെ ഇതിഹാസമായി വാഴ്‌ത്തപ്പെട്ടിട്ടും കോലിയുടെ ബാറ്റിന് പിഴയ്‌ക്കുകയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി. ഇതോടെയാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെയുള്ള ആവശ്യം ശക്തമായത്. വിന്‍ഡീസിനെതിരെ ആരംഭിക്കാനിരിക്കുന്ന പരമ്പരയില്‍ വിരാട് കോലി കളിക്കില്ല. ഏഷ്യാ കപ്പിന് മുമ്പ് ലണ്ടനില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ് കോലിയിപ്പോള്‍.
മാസ്, മരണമാസ്; ധവാന്‍റെ റീല്‍സില്‍ ദ്രാവിഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി, ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!