ബാറ്റിങ്ങും കീപ്പിങ്ങും ഭദ്രം; പന്തും സഞ്ജുവും രാഹുലിന് വഴിമാറേണ്ടി വരുമോ..? കോലിയുടെ വാക്കുകളില്‍ കാര്യമുണ്ട്

By Web TeamFirst Published Jan 18, 2020, 9:42 AM IST
Highlights

രാജ്‌കോട്ടിലെ പ്രകടനം ഒരുപക്ഷെ, പന്തിനും സഞ്ജുവിനും ഒക്കെ അപ്പുറത്തേക്ക് ചിന്തിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചേക്കും. ഒരു കളി കൊണ്ട് ഒരാളെയും വിലയിരുത്താനാകില്ലെങ്കിലും രാജ്‌കോട്ട് രാഹുലിന്റെ കരിയറില്‍ വഴിത്തിരിവാകാന്‍ സാധ്യതയേറെ.

രാജ്‌കോട്ട്: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് പകരം ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. ഋഷഭ് പന്തിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരിക്കലും ആശാവഹമായ പ്രകടനമല്ല താരത്തിന്റേത്. വിക്കറ്റിന് പിന്നില്‍ നിരന്തരം പരാജയപ്പെടുന്ന താരം ക്രീസിലെത്തിയാലും വിക്കറ്റ് വലിച്ചെറിയുന്നു. ഇതിനിടെയാണ് വിക്കറ്റിന് മുന്നിലും പിന്നിലും കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിലെ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോലി പോലും അമ്പരപ്പിച്ചു. 

മത്സരശേഷം കോലി ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. കോലി പറഞ്ഞതിങ്ങനെ... ''രാഹുലിനെ പോലെ ഒരു താരത്തെ പുറത്തിരുത്തുന്നത് ശരിയല്ല. അവന്‍ ഇന്ന് ബാറ്റ് ചെയ്ത രീതി നിങ്ങള്‍ കണ്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി ഞാന്‍ ഇതിനെ കാണുന്നു. പക്വതയേറിയ ഒരു ക്ലാസിക്ക് ഇന്നിങ്‌സായിരുന്നു രാഹുലിന്റേത്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള ഒരു മള്‍ട്ടി ഡൈമന്‍ഷനല്‍ താരമായി മാറിയിരിക്കുന്നു രാഹുല്‍.'' കോലി പറഞ്ഞുനിര്‍ത്തി. 

രാജ്‌കോട്ടിലെ പ്രകടനം ഒരുപക്ഷെ, പന്തിനും സഞ്ജുവിനും ഒക്കെ അപ്പുറത്തേക്ക് ചിന്തിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചേക്കും. ഒരു കളി കൊണ്ട് ഒരാളെയും വിലയിരുത്താനാകില്ലെങ്കിലും രാജ്‌കോട്ട് രാഹുലിന്റെ കരിയറില്‍ വഴിത്തിരിവാകാന്‍ സാധ്യതയേറെ. ടി20 ലോകകപ്പില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് കീപ്പറെ ഉള്‍പ്പെടുത്തില്ലെന്നും രാഹുല്‍ രണ്ടാം കീപ്പറാകുമെന്നും ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍ അടുത്തിടെ പറഞ്ഞിരുന്നു. 

പന്ത് നിരാശപ്പെടുത്തുകയും സഞ്ജു സാംസണോടുള്ള അവഗണന തുടരുകയും ധോണി ഐപിഎല്ലില്‍ തിളങ്ങാതിരിക്കുകയും ചെയ്താല്‍ ഓസ്‌ട്രേലിയയില്‍ രാഹുല്‍ ഒന്നാം കീപ്പറായാലും അത്ഭുതം വേണ്ട. നാളെ മൂന്നാം ഏകദിനത്തില്‍ ഋഷഭ് പന്ത് കളിച്ചാലും രാഹുലിന്റെ കീപ്പിംഗിനെ ഗൗരവത്തോടെ ഇനിയുള്ള നാളുകളില്‍ സമീപിക്കുമെന്ന് ഉറപ്പ്.

click me!