
കാബൂള്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടത്തിനിടെ വിരാട് കോലിയുമായി തര്‍ക്കിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ്. തര്‍ക്കം തുടങ്ങിവെച്ചത് താനല്ല കോലിയായിരുന്നുവെന്നും എന്നിട്ട് മത്സരശേഷം ഹസ്തദാനം നടത്തുമ്പോള്‍ കൈയില്‍ ബലമായി പിടിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ബിബിസി പാഷ്തോക്ക് നല്‍കിയ അഭിമുഖത്തില്‍ നവീന്‍ വ്യക്തമാക്കി.
കളിക്കിടെയും കളിക്കുശേഷവും വിരാട് കോലി അത് ചെയ്യരുതായിരുന്നു. ഞാനല്ല തര്‍ക്കം തുടങ്ങിയത്. മത്സരത്തിനിടെയും മത്സരശേഷവും തര്‍ക്കം തുടങ്ങിയത് കോലിയാണ്. വീഡിയോകള്‍ കണ്ടാല്‍ എല്ലാവര്‍ക്കും അത് മനസിലാവും ആരാണ് തര്‍ക്കം തുടങ്ങിയതെന്ന്. തര്‍ക്കത്തിനിടെ കോലിക്കെതിരെ ഞാന്‍ മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. പൊതുവെ ഞാന്‍ കളിക്കാരെ ചീത്ത വിളിക്കാറില്ല. ഒരു ബൗളറെന്ന നിലയില്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ തന്നെ അത് ഏതെങ്കിലും ബാറ്റര്‍ക്കെതിരെ മാത്രമായിരിക്കും. ആ മത്സരത്തില്‍ ഞാന്‍ കോലിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. മറ്റാര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആ സമയത്ത് അവിടെയുള്ളവര്‍ക്ക് അറിയാം, ഞാന്‍ എങ്ങനെയാണ് പെരുമാറിയതെന്ന്.
മത്സരശേഷം ഹസ്തദാനം നടത്തുമ്പോള്‍ കൈ കൊടുത്തപ്പോള്‍ കോലി എന്‍റെ കൈയില്‍ ബലമായി പിടിച്ച് അടുത്തേക്ക് വലിക്കുകയായിരുന്നു. ആ വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാവും. ഞാനുമൊരു മനുഷ്യനാണ്. അതുകൊണ്ടാണ് ആ സമയത്ത് പ്രതികരിച്ചത്-നവീന്‍ ഉള്‍ ഹഖ് പറഞ്ഞു.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-ആര്‍സിബി മത്സരത്തിനിടെ കോലിയും നവീന്‍ ഉള്‍ ഹഖും തമ്മില്‍ തര്‍ക്കിച്ചിരുന്നു. പിന്നീട് വിഷയത്തില്‍ ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീറും ഇടപെട്ടു. തര്‍ക്കത്തിനുശേഷം പിന്നീട് ലഖ്നൗവിന്‍റെ മത്സരത്തിനിടെ കാണികള്‍ നവീന്‍റെയും ഗംഭീറിന്‍റെയും നേര്‍ക്ക് കോലി ചാന്‍റുമായി എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!