Latest Videos

വിമര്‍ശനങ്ങളെ അടിച്ചൊതുക്കി; തിരിച്ചുവരവില്‍ കോലി പരമ്പരയിലെ താരം, കൂടെയൊരു റെക്കോഡും

By Web TeamFirst Published Mar 21, 2021, 1:13 PM IST
Highlights

ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. എന്നാല്‍ അവസാന മത്സരവും കഴിഞ്ഞപ്പോള്‍ പരമ്പരയിലെ താരമായി കോലി. വിലപ്പെട്ട മൂന്ന് അര്‍ധ സെഞ്ചുറികളാണ് കോലി നേടിയത്.
 

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. എന്നാല്‍ അവസാന മത്സരവും കഴിഞ്ഞപ്പോള്‍ പരമ്പരയിലെ താരമായി കോലി. വിലപ്പെട്ട മൂന്ന് അര്‍ധ സെഞ്ചുറികളാണ് കോലി നേടിയത്. ഇതോടെ വിമര്‍ശകര്‍ നാവടക്കുകയും ചെയ്തു. 

അഞ്ച് ഇന്നിങ്‌സുകളില്‍ 231 റണ്‍സാണ് കോലി നേടിയത്. അവസാന ടി20യില്‍ പുറത്താവാതെ നേടിയ 80 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഇത്രയധികം റണ്‍സ് കണ്ടെത്തിയതോടെ ഒരു റെക്കോഡും കോലിയെ തേടിയെത്തി. രണ്ട് ടീമുകള്‍ കളിക്കുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമായി കോലി. 

ഇന്ത്യയുടെ തന്നെ കെ എല്‍ രാഹുലിനെയാണ് കോലി മറികടന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ രാഹുല്‍ 224 റണ്‍സാണ് നേടിയത്. ഇക്കാര്യത്തില്‍ ന്യൂസന്‍ഡ് താരം കോളിന്‍ മണ്‍റോ മൂന്നാം സ്ഥാനത്തുണ്ട്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളില്‍ 223 റണ്‍സ് മണ്‍റോ നേടിയിരുന്നു. 

നാലാം സ്ഥാനത്ത് സിംബാബ്‌വെ താരം ഹാമില്‍ട്ടണ്‍ മസകാഡ്‌സയാണ്. ബംഗ്ലാദേശിനെതിരെ നാല് മത്സരങ്ങളില്‍ 222 റണ്‍സാണ് മസകാഡ്‌സ നേടിയത്. കോലിയുടെ 231ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങളുണ്ട്. എന്നാല്‍ അത് രണ്ട് ടീമുകള്‍ തമ്മിലുള്ള പരമ്പരയിലല്ല എന്ന് മാത്രം. 

ടി20 തൃരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതിന്റെ റെക്കോഡ് ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. അഞ്ച് മത്സരങ്ങളില്‍ 306 റണ്‍സാണ് ഓസീസ് ക്യാപ്റ്റന്‍ നേടിയത്.

click me!