അശ്വിന്‍ എന്തുകൊണ്ട് പുറത്തായി..? വിശദീകരണം നല്‍കി വിരാട് കോലി

By Web TeamFirst Published Aug 13, 2021, 2:02 PM IST
Highlights

ആദ്യ ടെസ്റ്റിന് ശേഷം ഷാര്‍ദുള്‍ താക്കൂറിന് പരിക്കേറ്റപ്പോള്‍ അശ്വിന്‍ മടങ്ങിയെത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. 
 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ പുറത്തായിരുന്നു. രണ്ട് ടെസ്റ്റിലും സ്പിന്നറായി രവീന്ദ്ര ജഡേജ മാത്രമാണ് കളിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റ് വീഴ്ത്താന്‍ അശ്വിനായിരുന്നു. എന്നാല്‍ ഇത്തവണ ടീം മാനേജ്‌മെന്റ് പരിഗണിച്ചില്ല. ആദ്യ ടെസ്റ്റിന് ശേഷം ഷാര്‍ദുള്‍ താക്കൂറിന് പരിക്കേറ്റപ്പോള്‍ അശ്വിന്‍ മടങ്ങിയെത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. 

അശ്വിനെ കളിപ്പിക്കാത്തത് ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ എന്തുകൊണ്ട് അശ്വിനെ കളിപ്പിച്ചില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഷാര്‍ദുളിന് പരിക്കേറ്റപ്പോഴാണ് ഇശാന്തിന് അവസരം നല്‍കിയത്. തീര്‍ച്ചയായും അശ്വിന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്. എന്നാല്‍ ഗ്രൗണ്ടിലെ സാഹചര്യവും പിച്ചുമെല്ലാം വിലയിരുത്തിയ ശേഷമാണ് ടീമിനെ തിരഞ്ഞെടുക്കുക. ലോര്‍ഡ്‌സില്‍ നാല് പേസര്‍മാര്‍ കളിക്കണമെന്നായിരുന്നു തീരുമാനം. അതുകൊണ്ടാണ് ഇശാന്ത് ടീമിലെത്തിയത്.'' കോലി പറഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യക്കായി 79 മത്സരങ്ങളില്‍ നിന്ന് 413 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് അശ്വിന്‍. അത്തരമൊരു താരത്തെ പുറത്തിരുന്നത് നീതികേടാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു. മാത്രമല്ല, ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കഴിവുള്ള താരം തന്നെയാണ് അശ്വിനെന്ന് പലരും പറഞ്ഞുവെക്കുന്നു.

ആദ്യദിനം പൂര്‍ത്തിയാവുമ്പോല്‍ ഇന്ത്യ മൂന്നിന് 276 എന്ന ശക്തമായ നിലയിലാണ്. രോഹിത് ശര്‍മ (83), ചേതേശ്വര്‍ പൂജാര (9), വിരാട് കോലി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (127), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍.
 

click me!