രവി ശാസ്ത്രിയെ മറികടന്നു, സെവാഗിനൊപ്പം; ലോര്‍ഡ്‌സിലെ സെഞ്ചുറിയോടെ നേട്ടം കൊയ്ത് രാഹുല്‍

By Web TeamFirst Published Aug 13, 2021, 1:30 PM IST
Highlights

നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 86 റണ്‍സെടുത്ത രാഹുല്‍ ലോര്‍ഡ്‌സിലും ഇന്നലെ സെഞ്ചുറി പൂര്‍ത്തിയാക്കി. 127 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ് താരം.

ലണ്ടന്‍: ആശ്ചര്യപ്പെടുന്ന ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം തെളിഞ്ഞത്. നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 86 റണ്‍സെടുത്ത രാഹുല്‍ ലോര്‍ഡ്‌സിലും ഇന്നലെ സെഞ്ചുറി പൂര്‍ത്തിയാക്കി. 127 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ് താരം. ഇന്നലെ  സെഞ്ചുറി നേടിയതോടെ ചില നാഴികക്കല്ലുകളും താരം പിന്നിട്ടു.

ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രാഹുല്‍. 1990ല്‍ 100 നേടിയ  രവി ശാസ്ത്രി, 1951ല്‍ വിനൂ മങ്കാദ് (184) എന്നിവരാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍മാര്‍.

മറ്റൊരു നേട്ടം കൂടി രാഹുലിനെ തേടിയെത്തി. ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍മാരുടെ പട്ടികയില്‍ രാഹുല്‍ മുന്‍താരം വിരേന്ദര്‍ സെവാഗിനൊപ്പമെത്തി. ഇരുവര്‍ക്കും ഇപ്പോല്‍ നാല് സെഞ്ചുറികള്‍ വീതമുണ്ട്. മൂന്ന് സെഞ്ചുറികള്‍ വീതം നേടിയ മങ്കാദ്, ശാസ്ത്രി എന്നിവരെയാണ് രാഹുല്‍ പിന്തള്ളിയത്. 15 സെഞ്ചുറികള്‍ നേടിയിട്ടുള്ള സുനില്‍ ഗവാസ്‌ക്കറാണ് ഒന്നാമത്.

തന്റെ മുപ്പത്തിയെട്ടാം ടെസ്റ്റ് മത്സരം കളിക്കുന്ന രാഹുലിന്റെ ആറാം സെഞ്ചുറിയായിരുന്നു ഇന്നലത്തേത്. ഇതില്‍ മൂന്നെണ്ണവും ഇംഗ്ലണ്ടിനെതിരെയാണ്. 248 പന്തുകളില്‍ ഒരു സിക്‌സിന്റേയും 12 ബൗണ്ടറികളുടെ സാഹയത്തോടെയാണ് രാഹുല്‍ ഇത്രയും റണ്‍സ് നേടിയത്. അജിന്‍ക്യ രഹാനെ (1)യാണ് അദ്ദേഹത്തിന് കൂട്ട്.

ആദ്യദിനം പൂര്‍ത്തിയാവുമ്പോന്ത്യ ഇന്ത്യ മൂന്നിന് 276 എന്ന ശക്തമായ നിലയിലാണ്. രോഹിത് ശര്‍മ (83), ചേതേശ്വര്‍ പൂജാര (9), വിരാട് കോലി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!