Asia Cup 2022 : ഏഷ്യാ കപ്പിന് രണ്ടുംകല്‍പിച്ച് വിരാട് കോലി; സ്റ്റൈലില്‍ തിരിച്ചുവരാന്‍ കിംഗിന് വന്‍ പദ്ധതി

Published : Aug 09, 2022, 11:32 AM ISTUpdated : Aug 09, 2022, 12:25 PM IST
Asia Cup 2022 : ഏഷ്യാ കപ്പിന് രണ്ടുംകല്‍പിച്ച് വിരാട് കോലി; സ്റ്റൈലില്‍ തിരിച്ചുവരാന്‍ കിംഗിന് വന്‍ പദ്ധതി

Synopsis

ഏഷ്യാ കപ്പിന് തയ്യാറെടുക്കാന്‍ വിരാട് കോലി ഈ ആഴ്‌ച തന്നെ മുംബൈയില്‍ പരിശീലനമാരംഭിക്കും 

മുംബൈ: ഏവരും പ്രതീക്ഷിച്ചതുപോലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലൂടെ(Asia Cup 2022) ഇന്ത്യന്‍ ടീമിലേക്ക്(Team India) തിരിച്ചുവരികയാണ് വിരാട് കോലി(Virat Kohli). ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കോലി അവധിക്കാലാഘോഷം കഴിഞ്ഞാണ് മടങ്ങിയെത്തുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി അടവുകള്‍ മിനുക്കാന്‍ കോലി ഉടന്‍ നെറ്റ്‌സിലെത്തും. 

ഏഷ്യാ കപ്പിന് തയ്യാറെടുക്കാന്‍ വിരാട് കോലി ഈ ആഴ്‌ച തന്നെ മുംബൈയില്‍ പരിശീലനമാരംഭിക്കും എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്‌സിന്‍റെ റിപ്പോര്‍ട്ട്. മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ ഇന്‍ഡോര്‍ അക്കാഡമിയിലാവും കോലിയുടെ നെറ്റ്‌സ് സെഷന്‍. മുംബൈയിലെ കോലിയുടെ വസതിയില്‍ നിന്ന് വെറും 20 മിനുറ്റ് ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ഇതാണ് പരിശീലനത്തിന് കോലി ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. തന്‍റെ അപാര്‍ട്‌മെന്‍ഡില്‍ കോലി ഇതിനകം ജിം വര്‍ക്കൗട്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ ഓഗസ്റ്റ് 27ന് തുടങ്ങുന്ന ഏഷ്യാ കപ്പിനായാണ് കോലിയുടെ വന്‍ ഒരുക്കം. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിങ്കളാഴ്‌ച സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയും കെ എല്‍ രാഹുലും ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസണും ഇഷാൻ കിഷനും പരിക്കേറ്റ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ടീമിലില്ല. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരും സ്‌ക്വാഡിലുണ്ട്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍. 

രണ്ട് വര്‍ഷത്തിലേറെയായി സെഞ്ചുറി കണ്ടെത്താത്തതിലും സമാനമായി പുറത്താവുന്നതിലും അതിരൂക്ഷമായ വിമര്‍ശനം നേരിട്ടതോടെയാണ് വിരാട് കോലി ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇടവേളയെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയായിരുന്നു കിംഗിന്‍റെ സ്‌കോര്‍. ടി20യില്‍ രണ്ടിന്നിംഗ്‌സില്‍ 12 റണ്‍സേ നേടിയുള്ളൂ. ഏകദിന മത്സരങ്ങളില്‍ 17, 16 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. കഴിഞ്ഞ ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 22.73 ശരാശരിയില്‍ 341 റണ്‍സുമേ കോലിക്കുണ്ടായിരുന്നുള്ളൂ. 2019 നവംബറിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര ശതകം. 

കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളടുക്കുന്നത് അനിവാര്യമാണ് എന്ന് മുന്‍താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഫോമിലല്ലാത്ത താരത്തിന് വിശ്രമം നല്‍കുകയല്ല ആഭ്യന്തര ക്രിക്കറ്റ് കളിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യമുയര്‍ന്നു. എന്തായാലും വിശ്രമം കഴിഞ്ഞ് ഏഷ്യാ കപ്പിലൂടെ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ് കോലി. ഏഷ്യാ കപ്പില്‍ മുമ്പ് മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ 11 ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറിയും 61.3 ബാറ്റിംഗ് ശരാശരിയുമായി 613 റണ്‍സും അഞ്ച് ടി20 മത്സരങ്ങളില്‍ 76.5 ശരാശരിയില്‍ 176 റണ്‍സും കോലിക്കുണ്ട്. ഇക്കുറി ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പിലെ മത്സരങ്ങള്‍.

റിഷഭ്, ഡികെ, ഇഷാന്‍ എന്നിവരേക്കാള്‍ കേമന്‍ സഞ്ജു, എന്നിട്ടും പുറത്ത്; കണക്കുകള്‍നിരത്തി പ്രതിഷേധിച്ച് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍