ഫിറ്റ്‌നെസിന്‍റെ കാര്യത്തില്‍ കോലിയെ പ്രചോദിപ്പിച്ചത് അക്കാലത്തെ ഇംഗ്ലണ്ട് പര്യടനം: വിരേന്ദര്‍ സെവാഗ്

By Web TeamFirst Published Mar 18, 2021, 1:36 PM IST
Highlights

ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാട്ടിയയും പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് കോലിയുടെ പ്രസ്താവന വന്നത്. 

ദില്ലി: ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തന്റെ കീഴില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഫിറ്റ്‌നെസിന്റെ പേരില്‍ ഒരു ഇളവും നല്‍കില്ലെന്ന് കോലി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാട്ടിയയും പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് കോലിയുടെ പ്രസ്താവന വന്നത്. 

ക്യാപ്റ്റനായ ശേഷം ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട് കോലി. ഇക്കാര്യം മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും സമ്മതിക്കുന്നു. ഇന്ത്യന്‍ താരങ്ങളുടെയും കോലിയുടേയും ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സെവാഗ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''2011-12 ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നായിരിക്കാം കോലിക്ക് ഫിറ്റ്‌നെസ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലയത്. എന്റെ അവസാത്തെ ഇംഗ്ലീഷ് പര്യടനമായിരുന്നത്. ഓവല്‍, ബിര്‍മിങ്ഹാം എന്നിവിടങ്ങില്‍ നടന്ന രണ്ട് ടെസ്റ്റില്‍ ഞാനും കളിച്ചിരുന്നു. 

ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമുകള്‍ക്ക് പ്രത്യേകതയുണ്ട്. അവിടെയുള്ള എല്ലാ കൗണ്ടി ടീമുകളും ഡ്രസിംഗ് റൂമില്‍ തയ്യാറാക്കി വച്ചിട്ടുള്ള ഫിറ്റ്‌നെസ് ചാര്‍ച്ച പിന്തുടരാറുണ്ട്. ഈ ചാര്‍ട്ടുകള്‍ ഞാനടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ ആകര്‍ഷിച്ചു. അന്ന് ഇന്ത്യന്‍ താരങ്ങള്‍ ഈ ചാര്‍ട്ട് പിന്തുടരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മിക്കവാറും താരങ്ങള്‍ പാരജയപ്പെടുകയാണുണ്ടായത്. 

ഈ ചാര്‍ട്ടായിരിക്കും കോലിക്കും പ്രചോദനമായെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇംഗ്ലീഷ് താരങ്ങളുടെ കായികക്ഷമത ഇങ്ങനെയാണെങ്കില്‍ ഇന്ത്യക്കും എന്തുകൊണ്ട് ഇങ്ങനെ ആയികൂടെന്ന് കോലി ചിന്തിച്ചുകാണും.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

അടുത്തിടെ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായതിനെ തുടര്‍ന്നാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ എന്നിവരും ഫിറ്റ്‌നെസ് ടെസ്റ്റ് ജയിച്ചിരുന്നു.
 

click me!