ക്രിക്കറ്റും ഭക്ഷണങ്ങളും സമ്മേളിക്കുന്ന ആംസ്റ്റർഡാമിലെ റസ്റ്റോറന്‍റില്‍ വൈവിധ്യങ്ങളേറെയാണ് സുരേഷ് റെയ്ന ഒരുക്കിയിരിക്കുന്നത്
ആംസ്റ്റർഡാം: ഇന്ത്യന്‍ ക്രിക്കറ്റർ സുരേഷ് റെയ്ന ഭക്ഷണപ്രിയനാണ് എന്നത് ആരാധകർ അറിയുന്ന കാര്യമാണ്. തന്‍റെ ഭക്ഷണപ്രിയം ആരാധകരിലേക്ക് എത്തിക്കാന്‍ പുതിയ റസ്റ്റോറന്‍റുമായി എത്തിയിരിക്കുകയാണ് റെയ്ന. തനത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ യൂറോപ്യന്‍ ജനതയ്ക്കായി പരിചയപ്പെടുത്താന്‍ പുതിയ റസ്റ്റോറന്‍റ് ആംസ്റ്റർഡാമില്‍ തുറന്നിരിക്കുകയാണ് താരം. 'റെയ്ന ഇന്ത്യന്‍ റസ്റ്റോറന്‍റ്' എന്നാണ് ഈ ഭക്ഷണശാലയുടെ പേര്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടുമിക്ക വിഭവങ്ങളും ഈ ഭക്ഷണശാലയില്‍ ലഭ്യമായിരിക്കും.
ഭക്ഷണത്തില്‍ പരീക്ഷണം
ക്രിക്കറ്റും ഭക്ഷണങ്ങളും സമ്മേളിക്കുന്ന ആംസ്റ്റർഡാമിലെ റസ്റ്റോറന്‍റില്‍ വൈവിധ്യങ്ങളേറെയാണ് സുരേഷ് റെയ്ന ഒരുക്കിയിരിക്കുന്നത്. പരിചയസമ്പന്നരായ ഷെഫുമാരുടെ മേല്‍നോട്ടത്തിലാണ് പാചകം. ഇന്ത്യന്‍ തനത് ഭക്ഷണങ്ങളുടെ നീണ്ട മെനു ഇവിടെയുണ്ടാകും എന്ന് റെയ്ന ആരാധകർക്ക് ഉറപ്പ് നല്‍കുന്നു. പുതിയ സംരംഭം പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ക്രിക്കറ്റിനോടും ഭക്ഷണത്തിനോടുമുള്ള അദേഹത്തിന്‍റെ എല്ലാ സ്നേഹവും പ്രകടം.
'മുമ്പെങ്ങും ആസ്വദിച്ചിട്ടില്ലാത്ത ഭക്ഷണ വൈവിധ്യത്തിനായി തയ്യാറായിക്കോളൂ. ആംസ്റ്റർഡാമില്‍ റെയ്ന ഇന്ത്യന്‍ റസ്റ്റോറന്‍റ് തുടങ്ങിയിരിക്കുന്നതായി അറിയിക്കുന്നതിന്‍റെ ത്രില്ലിലാണ് ഞാന്‍. ഇവിടെയാണ് ഭക്ഷണത്തോടും പാചകത്തോടുമുള്ള എന്‍റെ സ്നേഹം ഇനി ശ്രദ്ധകേന്ദ്രീകരിക്കപ്പെടുക. ഞാന്‍ ക്രിക്കറ്റിനെയും ഭക്ഷണത്തേയും സ്നേഹിക്കുന്നയാളാണ് എന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. യൂറോപ്പിന്‍റെ ഹൃദയത്തിലേക്ക് വൈവിധ്യമാർന്ന ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ്. റെയ്ന ഇന്ത്യന്‍ റസ്റ്റോറന്‍റ് തുടങ്ങുന്നത് സ്വപ്ന സാക്ഷാത്ക്കാരമാണ്. വിവിധ ശ്രേണിയിലുള്ള ആളുകള്‍ക്ക് വൈവിധ്യമാർന്ന ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ ആഘോഷം നുണയാന്‍ നിങ്ങളുടെ രസമുകുളങ്ങളെ തയ്യാറാക്കിക്കോളൂ. വടക്കേ ഇന്ത്യ മുതല്‍ ദക്ഷിണേന്ത്യ വരെ നീളുന്ന പ്രൗഢമായ ഭക്ഷണങ്ങളുടെ കലവറയാണിത്. എന്‍റെ പ്രിയ രാജ്യത്തിന്‍റെ ഭക്ഷണ വൈവിധ്യങ്ങളോടുള്ള ആദരമാണിത്. വിളമ്പുന്ന എല്ലാ വിഭവങ്ങളിലും ഗുണനിലവാരവും വൈവിധ്യവും ഭക്ഷണത്തിലെ സര്‍ഗാത്മകതയും നുണയാം. എന്‍റെ ഈ യാത്രയില്‍ എല്ലാവരും കൂടെയുണ്ടാവുക'... എന്നിങ്ങനെ നീളുന്നു റെയ്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഭാവിവാഗ്ദാനമായി 2005ല്‍ കടന്നുവന്ന സുരേഷ് റെയ്ന 226 ഏകദിനങ്ങളില്‍ 5615 റണ്‍സും 78 രാജ്യാന്തര ടി20കളില്‍ 1604 റണ്‍സും 18 ടെസ്റ്റ് മത്സരങ്ങളില്‍ 768 റണ്‍സും സ്വന്തമാക്കി. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി. ഐപിഎല്ലിലും മികച്ച റെക്കോർഡാണ് റെയ്നയ്ക്കുള്ളത്. ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ നാല് കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള സുരേഷ് റെയ്‌ന ടീമിനായി 176 കളിയിൽ നിന്ന് 4687 റൺസെടുത്തിട്ടുണ്ട്. ഒത്തുകളി വിവാദത്തെ തുടർന്ന് സിഎസ്കെ വിലക്ക് നേരിട്ട രണ്ട് സീസണിൽ റെയ്‌ന ഗുജറാത്ത് ലയണ്‍സിന്‍റെ നായകനായിരുന്നു. റെയ്‌ന ഐപിഎല്ലിൽ ആകെ 5500 റൺസ് പേരിലാക്കി. സ്ഥിരത കൊണ്ട് മിസ്റ്റര്‍ ഐപിഎല്‍ എന്നാണ് സുരേഷ് റെയ്‌നയ്‌ക്കുള്ള വിശേഷണം.
Read more: ഉത്തപ്പയ്‌ക്ക് വേണ്ടി ധോണി അനുവാദം ചോദിച്ചു, പിന്നീട് സംഭവിച്ചത്; വെളിപ്പെടുത്തി സുരേഷ് റെയ്ന

