മുഷ്താഖ് അലി ട്രോഫി: തുടക്കവും ഒടുക്കവും അടിതെറ്റി,16 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം, വിദര്‍ഭക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍

Published : Dec 02, 2025, 06:12 PM IST
Vishnu Vinod

Synopsis

30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹന്‍ പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ യാഷ് താക്കൂറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാലു ഫോറും നാലു സിക്സും പറത്തിയ രോഹന്‍ 35 പന്തിലാണ് 58 റണ്‍സെടുത്തത്.

ലക്നൗ: മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓൾ ഔട്ടായി. അര്‍ധസെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും മാത്രം കേരളത്തിനായി തിളങ്ങിയപ്പോള്‍16 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.  ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.

അടിതെറ്റിയ തുടക്കം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നാലു പന്തില്‍ ഒരു റണ്ണെടുത്ത സഞ്ജു സാംസണെ നചികേത് ഭൂതെയുടെ പന്തില്‍ ധ്രുവ് ഷോറെ ക്യാച്ചെടുത്ത് പുറത്താക്കി. ദര്‍ശന്‍ നാല്‍ക്കണ്ഡെ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ രോഹന്‍ കുന്നുമ്മല്‍ കേരളത്തെ ടോപ് ഗിയറിലാക്കിയെങ്കിലും തന്‍റെ രണ്ടാം ഓവറിൽ ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെ പുറത്താക്കിയ നചികേത് ഭൂതെ കേരളത്തിന് രണ്ടാം പ്രരഹമേല്‍പ്പിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിച്ചു, പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇരുവരും കേരളത്തെ 54 റണ്‍സിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 പന്തില്‍ 77 റണ്‍സടിച്ച് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹന്‍ പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ യാഷ് താക്കൂറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാലു ഫോറും നാലു സിക്സും പറത്തിയ രോഹന്‍ 35 പന്തിലാണ് 58 റണ്‍സെടുത്തത്.

കടിഞ്ഞാണേറ്റെടുത്ത് വിഷ്ണു

രോഹന്‍ പുറത്തായശേഷം കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത വിഷ്ണു വിനോദ് 32 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. പതിന‍ഞ്ചാം ഓവറില്‍ 7 പന്തില്‍ അഞ്ച് റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ നഷ്ടമായെങ്കിലും ദര്‍ശന്‍ നാല്‍ക്കണ്ഡെ എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റണ്‍സടിച്ച വിഷ്ണു വിനോദ് കേരളത്തെ 150 കടത്തി. എന്നാല്‍ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ വിഷ്ണു പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഒരു ഫോറും ആറ് സിക്സും സഹിതം 38 പന്തില്‍ 65 റണ്‍സാണ് വിഷ്ണു നേടിയത്. 

വിഷ്ണു വീണതോടെ പതിനേഴാം ഓവറില്‍ നാലു റണ്‍സ് മാത്രമാണ് കേരളത്തിന് നേടാനായത്. യാഷ് താക്കൂര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ അബ്ദുള്‍ ബാസിത്തും(10 പന്തില്‍ 16), ഷറഫുദ്ദീനും(4 പന്തില്‍ 1) സാലി സാംസണും(4) പുറത്തായത് കേരളത്തിന് തിരിച്ചടിയായി. അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സെടുക്കുന്നതിനിടെയാണ് കേരളത്തിന് നഷ്ടമായത്. വിദര്‍ഭക്കായി യാഷ് താക്കൂര്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആധ്യയാന്‍ ദാഗ മൂന്നും നചികേത് ഭൂതെ രണ്ടും വിക്കറ്റെടുത്തു.

കേരള പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ,രോഹൻ കുന്നുമ്മൽ,അഹമ്മദ് ഇമ്രാൻ,വിഷ്ണു വിനോദ്,അബ്ദുൾ ബാസിത്ത്,സാലി സാംസൺ,അങ്കിത് ശർമ്മ, ഷറഫുദ്ദീൻ,സൽമാൻ നിസാർ, എം ഡി നിധീഷ്, വിഘ്നേഷ് പുത്തൂർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്
ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി