
മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം കൈവരിച്ച ആധിപത്യം തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. 2026-ലെ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി റിച്ചാര്‍ഡ്സ് രംഗത്തെത്തിയത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഒരുകാലത്ത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ പുലര്‍ത്തിയിരുന്ന ആധിപത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്താണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ കിരീടമുയര്‍ത്തിയത്. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും സ്വന്തം മണ്ണില്‍ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെ റിച്ചാര്‍ഡ്‌സ് പറഞ്ഞതിങ്ങനെ... ''ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ മറ്റൊരു തലത്തിലാണ്. പ്രത്യേകിച്ച് ഏകദിനങ്ങളിലും ടി20യിലും. ആരാധകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണിത്. ക്രിക്കറ്റിനോട് ഇന്ത്യന്‍ ജനത കാണിക്കുന്ന സ്‌നേഹവും ആവേശവുമാണ് ഈ വിജയത്തിന് പിന്നില്‍.''റിച്ചാര്‍ഡ്സ് പിടിഐയോട് പറഞ്ഞു.
ദുബായില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് ഇന്ത്യ ടി20 ലോകകപ്പിലും മുത്തമിടുന്നത്. ലോകകപ്പ് യാത്രയില്‍ നെതര്‍ലന്‍ഡ്സിനും നമീബിയക്കുമെതിരെ തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയാണ് ഇന്ത്യ തുടങ്ങിയത്. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കുതിപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു നേടിയ പുറത്താകാതെയുള്ള 97 റണ്‍സ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ സഞ്ജുവിന്റെ 89 റണ്‍സ് കരുത്തിലാണ് ഇന്ത്യ 253 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 255 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ വലിയ മാര്‍ജിനില്‍ വിജയം ഉറപ്പിച്ചു.
2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കൂടി നേടാനായാല്‍, ഒരേസമയം മൂന്ന് ഐ.സി.സി പരിമിത ഓവര്‍ കിരീടങ്ങളും കൈവശം വെക്കുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം ഇന്ത്യയെ തേടിയെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!