'അവന്‍ രാജ്യാന്തര ക്രിക്കറ്റിലെ കിടിലന്‍ പേസറാവും'; ഇന്ത്യന്‍ താരത്തെ കുറിച്ച് ലക്ഷ്‌മണ്‍

By Web TeamFirst Published May 20, 2021, 11:47 AM IST
Highlights

ഒരു താരം രാജ്യാന്തര ക്രിക്കറ്റിലെ വമ്പന്‍ പേരുകാരില്‍ ഒരാളാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍. 

ഹൈദരാബാദ്: ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര എന്നീ സീനിയര്‍ താരങ്ങളാണ് ഇന്ത്യന്‍ പേസ് നിരയുടെ കരുത്ത്. അതേസമയം ചില യുവതാരങ്ങളും സാവധാനം മുന്‍നിരയിലേക്ക് കടന്നുവരുന്നുണ്ട്. ഇവരില്‍ ഒരു താരം രാജ്യാന്തര ക്രിക്കറ്റിലെ വമ്പന്‍ പേരുകാരില്‍ ഒരാളാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍. 

ഹൈദരാബാദില്‍ നിന്നുള്ള പേസര്‍ മുഹമ്മദ് സിറാജിനാണ് വിവിഎസിന്‍റെ പ്രശംസ. 'അടുത്ത കുറച്ച് വര്‍ഷങ്ങളിലും കഠിനാധ്വാനം തുടര്‍ന്നാല്‍ രാജ്യന്തര ക്രിക്കറ്റില്‍ വമ്പന്‍ താരമാകാന്‍ സിറാജിനാകും. അതിനുള്ള പ്രതിഭ അദേഹത്തിനുണ്ട്. ഇന്ത്യക്ക് ഭാഗ്യം കൊണ്ട് മികച്ച പേസ് യൂണിറ്റ് നിലവിലുണ്ട്. ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ക്ക് സിറാജിനെ നായകന്‍ വിരാട് കോലി പ്രയോജനപ്പെടുത്തണം. സിറാജ് അനുദിനം മികവാര്‍ജിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിര്‍ണായകമായ പ്രകടനം സിറാജില്‍ നിന്ന് നമ്മള്‍ കണ്ടതാണ്. എന്നാല്‍ വര്‍ക്ക് ലോഡില്‍ ഊന്നി പരിക്കില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരം ശ്രദ്ധിക്കണം' എന്നും ലക്ഷ്‌മണ്‍ കൂട്ടിച്ചേര്‍ത്തു. 

വലംകൈയന്‍ പേസറായ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയയില്‍ സ്വപ്‌നതുല്യ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുമായി പരമ്പരയില്‍ ഇന്ത്യയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നിര്‍ണായക സ്‌പെല്ലുകള്‍ എറിഞ്ഞിരുന്നു താരം. ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 8.77 ഇക്കോണമിയില്‍ ആറ് വിക്കറ്റ് സ്വന്തമാക്കി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ 27കാരനായ സിറാജുമുണ്ട്. ജസ്‌പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി പേസര്‍മാരായ പ്രസിദ്ധ് കൃഷ്‌ണയും ആവേഷ് ഖാനും അര്‍സാന്‍ നാഗ്വസ്വല്ലയും ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ടീമിനൊപ്പമുണ്ടാകും.  

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അപ്രതീക്ഷിത താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!