ബോള്‍ട്ടിനെ എങ്ങനെ മറികടക്കാം? രോഹിത്തിന് ഉപദേശവുമായി വിവിഎസ് ലക്ഷ്മണ്‍

By Web TeamFirst Published Jun 15, 2021, 8:14 PM IST
Highlights

കിവീസ് പേസര്‍മാരുടെ സ്വിങ് ചെയ്യുന്ന പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മര്‍ക്ക് കടുത്ത വെല്ലുവളി തന്നെയായിരിക്കും. ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ സ്വിങ് പന്തുകള്‍ എങ്ങനെ കളിക്കുമെന്നത് പോലെയിരിക്കും മത്സരത്തിന്റെ ഫലം.

ഹൈദരാബാദ്: ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമായിരിക്കും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിംപ്് ഫൈനല്‍. വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. കിവീസ് പേസര്‍മാരുടെ സ്വിങ് ചെയ്യുന്ന പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മര്‍ക്ക് കടുത്ത വെല്ലുവളി തന്നെയായിരിക്കും. ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ സ്വിങ് പന്തുകള്‍ എങ്ങനെ കളിക്കുമെന്നത് പോലെയിരിക്കും മത്സരത്തിന്റെ ഫലം. 

കിവീസ് ബൗളര്‍മാരായ ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും മുമ്പും ഇന്ത്യന്‍ താരങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള ഓപ്പണര്‍ രോഹിത് ശര്‍മയെ നേരത്തെ പുറത്താക്കുകയായിരിക്കും കിവീസ് പേസര്‍മാരുടെ ലക്ഷ്യം. ഉള്ളിലേക്ക് സ്വിങ് ചെയ്യുന്ന ബോള്‍ട്ടിന്റെ പന്തുകളായിരിക്കും രോഹിത്തിന്റെ പ്രധാന വെല്ലുവിളി. 

ബോള്‍ട്ടിനെതിരായ പോരാട്ടത്തിന് മുമ്പ് രോഹിത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ''പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്യിപ്പിക്കുന്ന ബോള്‍ട്ട് ഓപ്പണര്‍ രോഹിത്തിന് വലിയ വെല്ലുവിളി തന്നെയായിരിക്കും. ബോള്‍ട്ടിനെതിരെ ഇടങ്കാല് സ്റ്റംപിന് കുറുകെ കളിക്കാതിരിക്കാന്‍ രോഹിത് ശ്രദ്ധിക്കുമായിരിക്കും. രോഹിത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏതൊരു ഓപ്പണര്‍ക്കും ഓഫ് സ്റ്റംപ് എവിടെയാണെന്ന ബോധ്യം വേണം. 

ഓപ്പണറായി കളിക്കാന്‍ തുടങ്ങിയ ശേഷം രോഹിത് അച്ചടക്കത്തോടെയാണ് കളിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിലും രോഹിത് ഇതുപോലെ വേണം കളിക്കാന്‍. മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ മാച്ച് വിന്നറും രോഹിത് ആയിരിക്കും.'' ലക്ഷ്മണ്‍ പറഞ്ഞു.

ഫൈനലിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 15 അംഗ ടീമില്‍ അഞ്ച് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമുണ്ട്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ എട്ട് ബാറ്റ്‌സ്മാന്മാര്‍ ടീമിലുണ്ട്.

click me!