ഇന്ത്യന്‍ താരങ്ങളെ കണ്ടു പഠിക്കൂ; പാക് താരങ്ങളോട് ക്രിക്കറ്റ് ഇതിഹാസം

By Web TeamFirst Published Sep 9, 2020, 9:46 PM IST
Highlights

ഇന്ത്യയുടെ രോഹിത് ശര്‍മയെ നോക്കു. അദ്ദേഹം മികച്ച കളിക്കാരനാണെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് നിങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. അദ്ദേഹത്തിന്റെ കളി കാണു. എങ്ങനെയാണ് കളിക്കുന്നത് എന്ന് നോക്കി പഠിക്കൂ.

കറാച്ചി: പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ താരങ്ങളെ കണ്ടു പഠിക്കണമെന്ന് പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. പ്രതികൂലവും സമ്മര്‍ദ്ദമേറിയതുമായ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്നത് പാക് താരങ്ങള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരോ നോക്കി പഠിക്കണമെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കളിക്കുന്നത് നോക്കു. ടീം പ്രതിസന്ധിയാലുമ്പോഴൊക്കെ ഏതെങ്കിലും ഒരു കളിക്കാരന്‍ മുന്നോട്ട് വന്ന് സ്കോര്‍ ചെയ്യും. ഇതാണ് പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് പഠിക്കേണ്ടത്. മുമ്പ് അവര്‍ നമ്മളില്‍ നിന്നാണ് പഠിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അവരില്‍ നിന്ന് പഠിക്കേണ്ട സമയമാണ്. എതിരാളികളില്‍ നിന്ന് പഠിക്കണമെന്ന് സുനില്‍ ഗവാസ്കര്‍ എപ്പോഴും പറയുമായിരുന്നു.

ഇന്ത്യയുടെ രോഹിത് ശര്‍മയെ നോക്കു. അദ്ദേഹം മികച്ച കളിക്കാരനാണെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് നിങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. അദ്ദേഹത്തിന്റെ കളി കാണു. എങ്ങനെയാണ് കളിക്കുന്നത് എന്ന് നോക്കി പഠിക്കൂ. അദ്ദേഹത്തിന്റെ ബാറ്റിംഗ് ടെക്നിക്ക് എങ്ങനെയാണെന്ന് മനസിലാക്കു. ഞാന്‍ ബാറ്റ് ചെയ്തിരുന്ന കാലത്ത് ഹനീഫ് മുഹമ്മദില്‍ നിന്നും രോഹന്‍ കന്‍ഹായിയില്‍ നിന്നും ബാറ്റിംഗ് പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അവരുടെ കൂടെ പോയി പരിശീലിച്ചിട്ടൊന്നുമല്ല, അവരുടെ കളി കണ്ട് പഠിച്ചതാണ്.

ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് പരിശീലകര്‍ ഇല്ലായിരുന്നു. ഒരു മാനേജര്‍ മാത്രമാണുണ്ടായിരുന്നത്. ഞങ്ങളുടെ കൂടെ അദ്ദേഹം വരും. ഇത്രയൊക്കെ സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളുവെങ്കിലും നിരവധി റെക്കോര്‍ഡുകള്‍ തങ്ങളുടെ തലമുറ നേടിയെന്നും ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നറിയിപ്പെടുന്നു സഹീര്‍ അബ്ബാസ് വ്യക്തമാക്കി. ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ച് ഐസിസി അദ്ദേഹത്തെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

click me!