തോറ്റു പോകുന്നവരുടെ വേദന ഇന്ത്യയെ അറിയിക്കാനായതില്‍ സന്തോഷമെന്ന് ബംഗ്ലാ താരം

By Web TeamFirst Published Feb 17, 2020, 10:55 PM IST
Highlights

കാരണം ഞങ്ങളെ തോല്‍പ്പിച്ചശേഷം അന്ന് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ വിജയാഘോഷം ഞങ്ങളുടെ മനസിനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഞങ്ങള്‍ക്ക് മാത്രമെ അറിയു.

ധാക്ക:തോല്‍ക്കുന്നവരുടെ വേദന ഇന്ത്യയെ അറിയിക്കാനയതില്‍ സന്തോഷമുണ്ടെന്ന് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ബംഗ്ലാദേശ് ടീമിലെ പേസ് ബൗളറായ ഷൊറിഫുള്‍ ഇസ്ലാം. 2018ലും 2019ലും അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യയോട് തോറ്റപ്പോള്‍ അതേരീതിയില്‍ ഇന്ത്യയെ ഒരിക്കല്‍ തോല്‍പ്പിക്കണമെന്ന് ഞങ്ങളെല്ലാം മനസില്‍ കണക്കുകൂട്ടിയിരുന്നു.

കാരണം ഞങ്ങളെ തോല്‍പ്പിച്ചശേഷം അന്ന് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ വിജയാഘോഷം ഞങ്ങളുടെ മനസിനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഞങ്ങള്‍ക്ക് മാത്രമെ അറിയു. അത് ഇന്ത്യക്കാരെയും അറിയിക്കണമെന്ന് ഞങ്ങള്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ടായിരുന്നു. ലോകകപ്പിന്റെ ഫൈനലിന് ഇറങ്ങുമ്പോള്‍ അന്ന് അവര്‍ ഞങ്ങളോട് ചെയ്തത് എന്താണെന്ന് മാത്രമെ എന്റെ മനസിലുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ വിജയത്തിനായി അവസാന പന്ത് വരെ പൊരുതാനുറച്ചാണ് ഞങ്ങള്‍ ഇറങ്ങിയത്. കാരണം 2019 ഏഷ്യാ കപ്പ് ഫൈനലില്‍ ഞങ്ങളുടെ സ്വന്തം നാട്ടില്‍ വഴങ്ങിയ ഒരു റണ്‍സ് തോല്‍വി ഞങ്ങളെ അത്രമാത്രം വേദനിപ്പിച്ചിരുന്നു.

കാരണം വിജയിച്ചശേഷം ഞങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ അവര്‍ വന്യമായാണ് വിജയാഘോഷം നടത്തിയത്. ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യക്കെതിരെ ഇറങ്ങും മുമ്പ് പ്രതികാരം തീര്‍ക്കണമെന്ന ചിന്തയോടെ തന്നെയാണ് ഇറങ്ങിയതെന്നും ഷൊറിഫുള്‍ പറഞ്ഞു. ഞങ്ങളെ കളിയാക്കിയതിനെല്ലാം തിരിച്ചുകൊടുക്കണമെന്നുണ്ടായിരുന്നു. അപ്പോഴെ തോറ്റു പോകുന്നവരുടെ വേദന അവരറിയൂ-ഷൊറിഫുള്‍ പറഞ്ഞു.

നേരത്തെ, ഫൈനലിനുശേഷമുണ്ടായ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ഇവർക്ക് നാലു മുതൽ 10 വരെ മത്സരങ്ങളിൽനിന്ന് വിലക്കും ലഭിച്ചു. ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്ണോയി എന്നിവരാണ് ഇന്ത്യൻ നിരയിൽനിന്ന് ശിക്ഷിക്കപ്പെട്ടവർ. ബംഗ്ലദേശ് നിരയിൽനിന്ന് തൗഹീദ് ഹൃദോയ്, ഷമിം ഹുസൈൻ, റാക്കിബുൽ ഹസൻ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്.

ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിൽ നടന്ന കലാശപ്പോരാട്ടത്തിലാണ് ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 177 റൺസിന് എല്ലാവരും പുറത്തായപ്പോൾ, മഴനിയമപ്രകാരം പുനർനിശ്ചയിച്ച വിജയലക്ഷ്യമായ 170 റണ്‍സ് മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ബംഗ്ലദേശ് മറികടന്നു. വിജയറൺ കുറിച്ചതിനു പിന്നാലെ ആവേശത്തോടെ മൈതാനത്തേക്ക് കുതിച്ചെത്തിയ ബംഗ്ലദേശ് താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ മൈതാനത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.

click me!