ലോകകപ്പ് നാലാം നമ്പര്‍; വിവാദങ്ങള്‍ക്കൊടുവില്‍ വെളിപ്പെടുത്തലുമായി റായുഡു

By Web TeamFirst Published Sep 5, 2019, 4:21 PM IST
Highlights

നാടകീയത നിറഞ്ഞ മാസങ്ങള്‍ക്ക് ശേഷം ലോകകപ്പ് നാലാം നമ്പറില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റായുഡു

ഹൈദരാബാദ്: ലോകകപ്പ് ടീമില്‍ സ്ഥാനം കിട്ടാതായതോടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. എന്നാല്‍ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് താന്‍ തിരിച്ചുവരുന്നതായി റായുഡു അറിയിച്ചു. നാടകീയത നിറഞ്ഞ മാസങ്ങള്‍ക്ക് ശേഷം ലോകകപ്പ് നാലാം നമ്പറില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റായുഡു. 

'ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാത്തതില്‍ നിരാശനായിരുന്നു. നാലാം നമ്പര്‍ സ്ഥാനത്തേക്ക് കഠിനപ്രയത്നം നടത്തിയിരുന്നു. ചിലപ്പോള്‍ നാലാം നമ്പറിനെ കുറിച്ചുള്ള അവരുടെ പദ്ധതി പെട്ടെന്ന് മാറിക്കാണും. എനിക്കപ്പുറം കൂടുതല്‍ എന്തെങ്കിലും അവര്‍ ചിന്തിച്ചുകാണും, എനിക്കറിയില്ല. നിരാശനായെങ്കിലും അവരുടെ മനസില്‍ എന്തോ ഒരു പദ്ധതിയും കോമ്പിനേഷനും ഉണ്ടായിരുന്നു എന്നുറപ്പാണ്'- റായുഡു വ്യക്തമാക്കി. 

ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്റ്റാന്‍റ് ബൈ താരമായിരുന്നു അമ്പാട്ടി റായുഡ‍ു. എന്നാല്‍ വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ റായുഡ‍ുവിനെ തഴഞ്ഞ് പകരം മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് സെലക്ട് ചെയ്തു. പിന്നാലെയാണ് താരം വിരമിക്കല്‍  പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. മൂന്ന് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. 

click me!