
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ബൗണ്ടറി ലൈനിനരികില്‍ നിന്ന് ഡാന്‍സ് കളിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിന് ജയത്തിലേക്ക് 44 റൺസ് മാത്രം വേണ്ടപ്പോഴായിരുന്നു ഗ്യാലറിയിലെ ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് ജയ്സ്വാളിന്‍റെ ഡാന്‍സ്.
മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി തിളങ്ങിയ ജയ്സ്വാള്‍ പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് പുറമെ മത്സരത്തില്‍ നാലു നിര്‍ണായക ക്യാച്ചുകളും ജയ്സ്വാള്‍ കൈവിട്ടിരുന്നു. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ ഒരു ക്യാച്ചുമാണ് ജയ്സ്വാള്‍ നിലത്തിട്ടത്. ഇന്ത്യൻ തോല്‍വിയില്‍ ഈ കൈവിട്ട ക്യാച്ചുകള്‍ നിര്‍ണായകമാകുകയും ചെയ്തു.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യൻ ബൗളര്‍മാര്‍ പരമാവധി ശ്രമിക്കുന്നതിനിടെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബെന്‍ ഡക്കറ്റ് നല്‍കിയ ക്യാച്ചാണ് ജയ്സ്വാള്‍ അവസാനം കൈവിട്ടത്. ഡക്കറ്റ് 98 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. പിന്നീട് സെഞ്ചുറി തികച്ച ഡക്കറ്റ് 149 റണ്‍സെടുത്താണ് പുറത്തായത്.
ക്യാച്ചുകള്‍ കൈവിട്ടിട്ടും ടീം തോല്‍ക്കാന്‍ പോകുമ്പോഴും ബൗണ്ടറിയില്‍ നിന്ന് ഡാന്‍സ് കളിച്ച ജയ്സ്വാളിന്‍റെ മനോഭാവമാണ് ആരാധകരെ ചൊടിപ്പിച്ചത്. രോഹിത് ശര്‍മയായിരുന്നു ക്യാപ്റ്റനെങ്കില്‍ ഈ സമയം ജയ്സ്വാളിന്‍റെ കരണത്തടിച്ചേനെ എന്നായിരുന്നു ഒരു ആരാധകന്‍ കമന്‍റായി കുറിച്ചത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ബെന്‍ ഡക്കറ്റിന്‍റെ സെഞ്ചുറിക്ക് പിന്നാലെ സാക് ക്രോളിയുടെയും ജോ റൂട്ടിന്‍റെയും അര്‍ധസെഞ്ചുറികളും ഇംഗ്ലണ്ട് ജയം അനായാസമാക്കി. ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക