
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ഏറ്റവും മികച്ച സ്ലിപ്പ് ഫീല്‍ഡര്‍ ഇപ്പോഴും താന്‍ തന്നെയാണെന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഒരിക്കല്‍ കൂടി തെളിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ജെറമി ബ്ലാക്‌വുഡിനെയാണ് രഹാനെ സ്ലിപ്പില്‍ ഒറ്റ കൈ കൊണ്ട് അനായാസം പറന്നു പിടിച്ചത്.
പ്രതിരോധിച്ചു കളിച്ച് സമനിലക്കായി ബാറ്റുവീശുന്ന വിന്‍ഡീസ് ഇന്നിംഗ്സിലെ 87-ാം ഓവറിലായിരുന്നു കുത്തിത്തിരിഞ്ഞ ജഡേജയുടെ പന്തില്‍ രഹാനെയുടെ അത്ഭുത ക്യാച്ച്. വലംകൈയനായ രഹാനെ ഡൈവ് ചെയ്ത് ഇടം കൈ കൊണ്ടാണ് ക്യാച്ച് കൈയിലൊതുക്കിയത്. രഹാനെയുടെ ടെസ്റ്റ് കരിയറിലെ 102-ാമത്തെ ക്യാച്ചായിരുന്നു ഇത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ രഹാനെയുടെ ക്യാച്ചിനെ കരാട്ടെ കിഡ് ക്യാച്ച് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിശേഷിപ്പിച്ചത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും രഞ്ജി ട്രോഫിയും മുംബൈക്കായും മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഒന്നരവര്‍ഷമായി ടീമിന് പുറത്തായിരുന്ന രഹാനെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെത്തിയത്. ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററായതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നിലനിര്‍ത്തിയ രഹാനെയെ സെലക്ടര്‍മാര്‍ വീണ്ടും വൈസ് ക്യാപ്റ്റനാക്കിയിരുന്നു. മുമ്പ് വിരാട് കോലിക്ക് കീഴിലും രഹാനെ ആയിരുന്നു വൈസ് ക്യാപ്റ്റന്‍.
2021ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പര ജയവും രഹാനെക്ക് കീഴിലായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്ന് റണ്‍സിന് പുറത്തായ രഹാനെ രണ്ടാം ടെസ്റ്റില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ പിന്നെ ഇന്ത്യക്ക് അടുത്ത കാലത്തൊന്നും ടെസ്റ്റ് പരമ്പരകളില്ല.
വിന്‍ഡീസ് പരമ്പരക്ക് ശേഷം ഏഷ്യാ കപ്പിലും പിന്നാലെ ലോകകപ്പിലുമാണ് ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങേണ്ടത് രഹാനെക്ക് അനിവാര്യമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ആ പരമ്പരയില്‍ രഹാനെക്ക് സ്ഥാനം നിലനിര്‍ത്താനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.