
ഹരാരെ: ആദ്യ ഏകദിനത്തില്‍ മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുത്തിട്ടും സിംബാബ്‌വെക്കെതിരായ രണ്ടാം മത്സരത്തില്‍ പേസര്‍ ദീപക് ചാഹറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തത് ഏവരേയും അമ്പരപ്പിച്ചിരുന്നു. താരത്തെ കളിപ്പിക്കാത്തതിന്‍റെ പിന്നിലെ കാരണം ടോസ് വേളയില്‍ നായകന്‍ കെ എല്‍ രാഹുല്‍ വ്യക്തമാക്കിയുമില്ല. എങ്കിലും മത്സരത്തിനിടെ കാണികള്‍ക്കൊപ്പം സമയം ചിലവിട്ട് ചാഹര്‍ ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം ഏകദിനം പുരോഗമിക്കുമ്പോള്‍ ബൗണ്ടറിലൈനിന് പുറത്ത് കാണികളുമായി സൗഹൃദം പങ്കിടുകയായിരുന്നു ദീപക് ചാഹര്‍.
ഹരാരെയിലെ ആദ്യ ഏകദിനത്തില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി ദീപക് ചാഹര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞുള്ള ആദ്യ മത്സരത്തിലായിരുന്നു താരത്തിന്‍റെ ഈ മിന്നും പ്രകടനം.
'എപ്പോള്‍ തിരിച്ചുവരവ് നടത്തിയാലും റണ്‍സ് കണ്ടെത്തുകയും വിക്കറ്റ് വീഴ്‌ത്തുകയും ഏതൊരു താരത്തെ സംബന്ധിച്ചും പ്രധാനമാണ്. ആറ് മാസത്തോളം ഞാന്‍ പരിക്ക് പറ്റി പുറത്തിരുന്നു. അതിനാല്‍ തിരിച്ചെത്തി മികച്ച പ്രകടനം കാഴ്‌ചവെക്കുകയായിരുന്നു മനസിലുണ്ടായിരുന്ന ലക്ഷ്യം. ഈ പരമ്പരയില്‍ തിരിച്ചുവരവ് നടത്തുമെന്ന് എനിക്കറിയാമായിരുന്നു. ഞാനെല്ലാ പ്രാക്‌ടീസ് മത്സരങ്ങളും കളിച്ചു. ആറ് ഓവറിലേറെ പന്തെറിയുകയും ചെയ്തു. പരിക്കിന് ശേഷം ആദ്യമായി പന്തെറിഞ്ഞപ്പോള്‍ ആദ്യ സെഷനില്‍ ആറ് ഓവര്‍ എറിയാനായി' എന്നും ആദ്യ ഏകദിനത്തിന് ശേഷം ദീപക് ചാഹര്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ഏകദിനത്തിനിടെയും ആരാധകരുമായി സംസാരിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു ദീപക് ചാഹര്‍. സിംബാബ്‌വെ ബൗളറുടെ കുടുംബാംഗങ്ങള്‍ ചാഹറിന് അരികിലെത്തി കുശലം പങ്കിട്ടു. ഞാനെന്ന് സ്‌പര്‍ശിച്ചോട്ടെ എന്നായിരുന്നു ഇതില്‍ ഒരാളുടെ ചോദ്യം. ചാഹര്‍ വിനീതനും സുന്ദരനുമാണ് എന്നായിരുന്നു സിംബാബ്‌വെ താരത്തിന്‍റെ മറ്റൊരു കുടുംബാംഗത്തിന്‍റെ പ്രതികരണം. ഇതിന്‍റെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാര്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ ഇതിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ടീം ഇന്ത്യയുടെ കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു സാംസണിന് പിന്നാലെയായിരുന്നു ആരാധകര്‍ അധികവും.
'ഞാനൊന്ന് തൊട്ടോട്ടേ'... ദീപക് ചാഹറിനോട് സിംബാബ്‌വെ താരത്തിന്‍റെ കുടുംബം; വീഡിയോ വൈറല്‍