
ന്യൂയോര്‍ക്ക്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായിരുന്നു ശ്രീലങ്കയുടെ ലസിത് മലിംഗ. 150 കിലോമീറ്റര്‍ വേഗതയില്‍ ബാറ്ററുടെ ഷൂസിലേക്ക് മൂളിപ്പായുന്ന യോര്‍ക്കറുകളായിരുന്നു മലിംഗയുടെ ഏറ്റവും വലിയ പ്രത്യേകത. മലിംഗയുടെ അതേ ആക്ഷനില്‍ പന്തെറിയുന്ന താരങ്ങളെ പിന്നീട് നമ്മള്‍ കണ്ടെങ്കിലും മലിംഗയുടെ മകന്‍ തന്നെ ഇതേ ആക്ഷനില്‍ പന്തെറിഞ്ഞ് ഞെട്ടിക്കുകയാണ്. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ നെറ്റ്‌സിലാണ് ദുവിന്‍ മലിംഗയുടെ തകര്‍പ്പന്‍ ബൗളിംഗ്.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫില്‍ അംഗമാണ് ലസിത് മലിംഗ. ഇവിടെയാണ് ദുവിന്‍ മലിംഗ പന്തുമായി ഒരു കൈ നോക്കിയത്. സ്വാഭാവിക ആക്ഷനാണെങ്കിലും ദുവിന്‍ മലിംഗ കൂടുതല്‍ സ്ട്രൈറ്റായും പേസിലും പന്തെറിയേണ്ടതുണ്ട് എന്ന് ലസിത് മലിംഗ പറയുന്നു. അതിന് കഴിഞ്ഞാല്‍ ദുവിന് മികച്ച രീതിയില്‍ പന്തെറിയാനാകും എന്നും ലസിത് വ്യക്തമാക്കുന്നു. നെറ്റ്‌സില്‍ മലിംഗയുടെ ആക്ഷനില്‍ പന്തെറിഞ്ഞ് സ്റ്റംപ് വീഴ്‌ത്തുന്നുണ്ട് ദുവിന്‍.
ഐപിഎല്‍ 2023 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബൗളിംഗ് ഉപദേഷ്‌ടാവായിരുന്ന ലസിത് മലിംഗ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ മതീഷ പതിരാനയെ പ്രശംസിച്ചിരുന്നു. 'മലിംഗയുടെ സമാന ആക്ഷനില്‍ പന്തെറിയുന്ന താരമാണ് പതിരാന. എനിക്ക് മതീഷ പതിരാനയെ എന്നേക്കാള്‍ മികച്ച താരമാക്കണം. അടുത്ത പര്യടനത്തില്‍ അതിന് കഴിയുമോന്ന് നോക്കണം. അടുത്ത മൂന്ന് വര്‍ഷക്കാലം അവന്‍ എങ്ങനെ കളിക്കും എന്ന് കാണണം. അടുത്ത മൂന്ന് വര്‍ഷത്തിനിടെ 10-15 ടെസ്റ്റുകള്‍ കളിക്കാനായാല്‍ അത് താരത്തിന് വലിയ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കും' എന്നും മലിംഗ പറഞ്ഞിരുന്നു. മകന്‍ ദുവിന്‍ മലിംഗ കൂടി വന്നതോടെ ബൗളിംഗ് പരിശീലകന്‍ എന്ന നിലയില്‍ ലസിത് മലിംഗയുടെ റോള്‍ കൂടുകയാണ്.
ലങ്കയുടെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ലസിത് മലിംഗ 30 ടെസ്റ്റില്‍ 101 ഉം, 226 ഏകദിനങ്ങളില്‍ 338 ഉം, 84 രാജ്യാന്തര ട്വന്‍റി 20കളില്‍ 107 ഉം വിക്കറ്റ് പേരിലാക്കിയിട്ടുണ്ട്.
Read more: ഏഷ്യാ കപ്പ് വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ജയ് ഷാ മത്സരക്രമം നേരത്തെ പുറത്തുവിട്ടതിനെതിരെ പിസിബി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം