
ചെന്നൈ: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ നൂര്‍ അഹമ്മദിന്‍റെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന്‍റെ അമ്പരപ്പ് ആരാധകര്‍ക്കിപ്പോഴും മാറിയിട്ടില്ല. അതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി മിന്നല്‍ സ്റ്റംപിംഗിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണയും ബൗളര്‍ നൂര്‍ അഹമ്മദായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പുറത്തായത് ആര്‍സിബി ഓപ്പണര്‍ ഫില്‍ സോള്‍ട്ടും.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബക്കായി ഫില്‍ സാള്‍ട്ട് തകര്‍ത്തടിച്ചപ്പോഴാണ് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് തന്‍റെ തുരുപ്പ് ചീട്ട് പുറത്തെടുത്തത്. ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ അപകടകാരിയായ നൂര്‍ അഹമ്മദിനെ പവര്‍ പ്ലേയില്‍ അഞ്ചാം ഓവര്‍ പന്തെറിയാന്‍ വിളിച്ചു. ഓവറിലെ അവസാന പന്തില്‍ നൂര്‍ അഹമ്മദിന്‍റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സാള്‍ട്ടിന് പിഴച്ചു. പന്ത് നേരെ ധോണിയുടെ കൈയില്‍. സെക്കന്‍ഡിന്‍റെ പത്തിലൊരു അംശം സമയം കാലൊന്ന് ക്രീസില്‍ നിന്ന് പൊങ്ങിയ സമയം ധോണി ബെയില്‍സിളക്കി.
ഐപിഎല്‍: പട നയിച്ച് പാട്ടീദാര്‍, ചെന്നൈക്കെതിരെ ആര്‍ സി ബിക്ക് മികച്ച സ്കോര്‍
എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പെ സാള്‍ട്ട് പുറത്ത്. അതിന് തൊട്ടു മുമ്പ് വിരാട് കോലിക്കെതിരെ ഖലീല്‍ അഹമ്മദിന്‍റെ പന്തില്‍ ധോണിയുടെ നിര്‍ദേശത്തില്‍ എല്‍ ബി ഡബ്ല്യുവിനായി ഡിആര്‍എസ് എടുത്തിരുന്നെങ്കിലും ടിവി അമ്പയറും നോട്ടൗട്ട് വിളിച്ചിരുന്നു. ധോണി റിവ്യു സിസ്റ്റം അപൂര്‍വമായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അമ്പരപ്പിക്കുന്ന വേഗത്തില്‍ മിന്നല്‍ സ്റ്റംപിംഗുമായി ധോണി ഞെട്ടിച്ചത്.
ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ആര്‍സിബി അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ രജത് പാട്ടീദാറിന്‍റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് കരുത്തിൽ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചിരുന്നു. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. വിരാട് കോലി 30 പന്തിൽ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു.
സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!