
ചെന്നൈ: പ്രായം 42 ഒന്നും എം എസ് ധോണി എന്ന അധികായകനെ തളർത്തിയിട്ടില്ല. ക്രിക്കറ്റില്‍ ഇന്നും ചെറുപ്പമാണ് താനെന്ന് കാട്ടുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം. ഐപിഎല്‍ 2024 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിക്കറ്റിന് പിന്നില്‍ തകർപ്പന്‍ പ്രകടനം പുറത്തെടുത്തതിലുണ്ടായിരുന്നു പ്രായത്തെ വെല്ലുന്ന ധോണി മാജിക്.
ആർസിബി ഇന്നിംഗ്സിലെ അവസാന പന്തില്‍ ദിനേശ് കാർത്തിക്കുമായുള്ള ഓട്ടത്തിനിടെ അനൂജ് റാവത്തിനെ എം എസ് ധോണി ത്രോയിലൂടെ പുറത്താക്കിയിരുന്നു. തന്‍റെ ഹൈ-ക്ലാസ് അണ്ടർ ആം ത്രോയിലൂടെയായിരുന്നു റാവത്തിനെ ധോണി ഡ്രസിംഗ് റൂമിലേക്ക് പായിച്ചത്. ഈ വിക്കറ്റിനെ കുറിച്ച് മത്സരത്തിന്‍റെ കമന്‍റേറ്റർമാരായ സഞ്ജയ് മഞ്ജരേക്കറിനും സുരേഷ് റെയ്നയ്ക്കും വാതോരാതെ പറയാനുണ്ടായിരുന്നു. 'ഇത്തരം അണ്ടർ ആം ത്രോ ധോണി ഒരു വർഷത്തിലേറെയായി പരിശീലിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഈ ത്രോ ധോണിയുടെ രക്തത്തില്‍ അലിഞ്ഞുചേർന്നിരിക്കുന്നതാണ്. വളരെ അപൂർവമായേ ഉന്നം തെറ്റാറുള്ളൂ. മനസിന്‍റെ ശാന്തതയാണ് സ്റ്റംപില്‍ കേന്ദ്രീകരിക്കാന്‍ ധോണിയെ സഹായിക്കുന്നത്' എന്നുമായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍.
എംഎസ്‍ഡിയുടെ ത്രോയെ സിഎസ്കെയില്‍ ദീർഘകാലം സഹതാരമായിരുന്ന സുരേഷ് റെയ്നയും വാഴ്ത്തി. 'ഇത്തരം ത്രോകള്‍ ധോണി ഈയടുത്ത വർഷങ്ങളിലൊന്നും പാഴാക്കിയിട്ടില്ല. സ്കോറുകള്‍ പിന്തുടരുമ്പോള്‍ ധോണി ഗ്ലൌസ് ഊരി വേഗം ത്രോ എറിയുന്നത് നമ്മള്‍ കാണാറുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സില്‍ റുതുരാജ് ഗെയ്‍ക്വാദിനെ ക്യാപ്റ്റനായി ധോണി വളർത്തിയെടുത്തത് അതിമനോഹരമാണ്' എന്നും റെയ്ന കൂട്ടിച്ചേർത്തു. അനൂജ് റാവത്തിനെ റണ്ണൗട്ടാക്കിയതിന് പുറമെ രജത് പാടിദാർ, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവരുടെ ക്യാച്ചും ധോണിക്കായിരുന്നു. ബാറ്റിംഗില്‍ ഇറങ്ങാന്‍ 'തല'യ്ക്ക് അവസരം കിട്ടിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!