റിക്കി പോണ്ടിംഗ് ഒരു വല്യേട്ടന്‍റെ കരുതലോടെയാണ് റിഷഭ് പന്തിനെ കൊണ്ടുപോകുന്നത്

ചണ്ഡീഗഢ്: കരിയർ അവസാനിപ്പിക്കും എന്ന് കരുതിയ കാർ അപകടം, അവിടെ നിന്ന് നീണ്ട ഒന്നര വർഷത്തെ കഠിന പ്രയത്നവും പരിശീലനവും കൊണ്ട് ക്രിക്കറ്റിലേക്ക് എക്കാലത്തെയും വിസ്മയമായി മടങ്ങിവരികയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കായികരംഗത്തെ വന്‍ തിരിച്ചുവരവുകളുടെ കൂട്ടത്തില്‍പ്പെടുത്തേണ്ട ഒന്ന്. ഐപിഎല്‍ 2024 സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ കളിച്ചുകൊണ്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് മൈതാനത്തേക്ക് മടങ്ങിവരുന്നത്. ഇന്നത്തെ മത്സരത്തില്‍ തന്നെ റിഷഭിനെ ആരാധകർ ക്രീസില്‍ പ്രതീക്ഷിക്കുമ്പോള്‍ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ് ഒരു വല്യേട്ടന്‍റെ കരുതലോടെയാണ് താരത്തെ കൊണ്ടുപോകുന്നത്. 

പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിനായി കഠിന പരിശീലനമാണ് റിഷഭ് പന്ത് നടത്തിയത്. കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന താരത്തിന് അതീവശ്രദ്ധയോടെയാണ് റിക്കി പോണ്ടിംഗിന്‍റെ പരിശീലനം. റിക്കിയുടെ വാക്കുകളിലുണ്ട് മൈതാനത്ത് മടങ്ങിയെത്താനുള്ള റിഷഭിന്‍റെ ആവേശം. 'ഒരാഴ്ച നീണ്ടുനിന്ന പരിശീലനമുണ്ടായിരുന്നു വിശാഖപട്ടണത്ത്. എന്നെ വിശ്വസിക്കൂ, റിഷഭ് കളിക്കാന്‍ സജ്ജമാണ്. റിഷഭ് നന്നായി ബാറ്റ് ചെയ്യുകയും വിക്കറ്റിന് പിന്നില്‍ അനായാസം ചലിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോഴത്തെ അയാള്‍ അമിതമായി ബാറ്റ് ചെയ്തിരുന്നു. അതിനാല്‍ അവനെ നെറ്റ്സില്‍ നിന്ന് പിടിച്ച് പുറത്താക്കേണ്ടിവന്നു. റിഷഭിന്‍റെ കളിയെ കുറിച്ച് എനിക്ക് നന്നായി അറിയാം. അതിനാല്‍ റിഷഭ് ആദ്യ മത്സരത്തില്‍ തന്നെ അത്ഭുതം കാട്ടിയില്‍ ഞാന് ഞെട്ടില്ല. ടീമിനായി ഏറെ സംഭാവനകള്‍ ചെയ്യണമെന്ന റിഷഭിന്‍റെ മനോഭാവവും ആത്മവിശ്വാസവും മുതല്‍ക്കൂട്ടാണ്. എല്ലാവർക്കും റിഷഭ് പന്തിനെ പോലെയാവണം' എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. 

Read more: ഐപിഎല്‍ 2024ല്‍ പന്താട്ടം ഉറപ്പ്; റിഷഭ് പന്ത് ഐതിഹാസിക തിരിച്ചുവരവിന്, വന്‍ അപ്‌ഡേറ്റ് പുറത്ത്

2022 ഡിസംബർ 3 കാർ അപകടത്തില്‍ റിഷഭ് പന്തിന് കാലില്‍ സാരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തിന് വലത്തേ കാല്‍മുട്ടില്‍ ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. ബിസിസിഐയുടെ മേല്‍നോട്ടത്തില്‍ മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലായിരുന്നു ചികില്‍സ. ഇതിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോയ താരത്തിന് ലോകകപ്പും ഐപിഎല്ലും അടക്കം ഏറെ നിർണായക മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇനി ക്രിക്കറ്റിലേക്ക് മടങ്ങിവരവില്ല എന്ന് കരുതിയിരുന്നിടത്ത് നിന്ന് ഫിനിക്സ് പക്ഷിയേ പോലെ ഉയർത്തെഴുന്നേറ്റ് റിഷഭ് ഐപിഎല്‍ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്.

Read more: അവന്‍ വരുന്നു, എല്ലാ കണ്ണുകളും റിഷഭ് പന്തില്‍; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്- പഞ്ചാബ് കിംഗ്സ് പോരാട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം