
റാഞ്ചി:കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പരസ്പരം അഭിമുഖം നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ആരാധകമനസില്‍ താരങ്ങള്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബസമേതം കഴിയുകയായിരുന്നു. ഭാര്യ സാക്ഷി പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ മാത്രമായിരുന്നു ധോണിയുടെ സാന്നിധ്യം.
മകള്‍ സിവക്കൊപ്പം കളിക്കുന്നതും കൃഷിയിടത്തില്‍ ട്രാക്ടര്‍ ഓടിക്കുന്നതും മകളെ മുന്നിലിരുത്തി ബൈക്ക് ഓടിക്കുന്നതുമെല്ലാം ആയിരുന്നു ധോണിയുടെ വിനോദങ്ങള്‍. തന്റെ ജീവിതകഥ പറഞ്ഞ ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ നായകന്‍ സുശാന്ത് സിംഗ് രാജ്‌പുത് മരിച്ചപ്പോള്‍ പോലും ധോണിയില്‍ നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുത്തിടെ 39-ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആശംസകളുമായി ക്രിക്കറ്റ് ലോകം ഒന്നടങ്കം എത്തിയെങ്കിലും ധോണിയില്‍ നിന്ന് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാലിപ്പോള്‍ ധോണിയുടെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവശ്യംവേണ്ട പോസറ്റിവിറ്റി എന്ന അടിക്കുറിപ്പോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ താടിയും മീശയും വളര്‍ത്തി ആരാധകര്‍ ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് ധോണി. വീഡിയോ കോളില്‍ നിന്നെടുത്ത വീഡിയോ ആണ് ചെന്നൈ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മുടി നീട്ടിയും പറ്റെ വെട്ടിയുമെല്ലാം മുമ്പ് തലയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മുഖത്ത് ധോണി പുതിയ പരീക്ഷണം നടത്തുന്നത് ആദ്യമാണ്. ധോണിയുടെ പുതിയ ലുക്കിന് ആരാധകരില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാന്‍ തയാറെടുത്തിരുന്നെങ്കിലും കൊവിഡിനെത്തുടര്‍ന്ന് ഐപിഎല്‍ മാറ്റിവെച്ചതോടെ തലയുടെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!