
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിന് തലേദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവൻഷി.നാളത്തേത് ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരമാണെന്നും ഇനിയൊരു ലോകകപ്പില്‍ കളിക്കാനാകില്ലല്ലോ എന്നും ഓര്‍ത്താണ് തനിക്ക് ഉറക്കം നഷ്ടപ്പെട്ടതെന്നും 'റേ സ്പോർട്സിന്' നൽകിയ അഭിമുഖത്തിൽ വൈഭവ് പറഞ്ഞു.
ഫൈനൽ മത്സരത്തെ 'സാധാരണ കളി'യായി കാണാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും അത് സാധ്യമായിരുന്നില്ല. മത്സരത്തിന്‍റെ തലേദിവസം രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ പോലും തികച്ചുറങ്ങിയിട്ടുണ്ടാകില്ല. കാരണം എത്രയൊക്കെ സാധാരണ കളിയായി കാണാൻ ശ്രമിച്ചാലും ഒരു സമ്മർദ്ദം ഞങ്ങളിൽ ഉണ്ടായിരുന്നു. ഇന്ത്യക്കായി ഭാവിയിൽ സീനിയര്‍ തലത്തില്‍ ലോകകപ്പുകൾ കളിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ അണ്ടർ 19 ലോകകപ്പ് കളിക്കാൻ ഇനി ഒരിക്കലും അവസരം ലഭിക്കില്ല. അത് ഏതൊരു താരത്തിനും മറക്കാനാവാത്ത നിമിഷമാണെന്നും വൈഭവ് പറഞ്ഞു.
പ്രായം വെച്ചുനോക്കിയാല്‍ വൈഭവിന് ഇനിയും രണ്ട് അണ്ടർ-19 ലോകകപ്പുകൾ കൂടി കളിക്കാനുള്ള അവസരമുണ്ട് (2028, 2030). എന്നാൽ ബിസിസിഐയുടെ 'വൺ-ടൂർണമെന്റ്' നിബന്ധന ഇവിടെ വൈഭവിന് മുന്നിൽ വില്ലനാകും. ബിസിസിഐ നയമനുസരിച്ച് ഒരു താരം ഒരു തവണ അണ്ടർ-19 ലോകകപ്പിൽ കളിച്ചാൽ പിന്നീട് അതേ ടൂർണമെന്‍റിലേക്ക് ആ കളിക്കാരനെ വീണ്ടും പരിഗണിക്കില്ല. ജൂനിയർ തലത്തിൽ വ്യാപകമായിരുന്ന പ്രായത്തട്ടിപ്പ് അവസാനിപ്പിക്കാനാണ് ബിസിസിഐ 2016 മുതൽ ഇത്തരമൊരു നിബന്ധന കര്‍ശനമായി നടപ്പാക്കിയത്. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുകയെന്നതും പുതിയ പ്രതിഭകളെ കണ്ടെത്തുകയെന്നതും ബിസിസിഐയുടെ ലക്ഷ്യമായിരുന്നു. അണ്ടർ 19 തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന താരങ്ങളെ സൃഷ്ടിക്കുന്നതിന് പകരം, അവരെ സീനിയർ തലത്തിലേക്ക് വളരാൻ പ്രേരിപ്പിക്കുകയും ബോർഡിന്‍റെ ലക്ഷ്യമായിരുന്നു. അതുകൊണ്ട് തന്നെ 2028ല്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ വൈഭവിന് ടീമിലിടം ലഭിക്കില്ല. 2016 മുതലാണ് ബിസിസിഐ ഈ നിയമം കർശനമായി നടപ്പിലാക്കി തുടങ്ങിയത്. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
തന്‍റെ കരിയറിലെ ഒരേയൊരു അണ്ടർ 19 ലോകകപ്പ് ഫൈനൽ അവിസ്മരണീയമാക്കാൻ എന്തായാലും വൈഭവിനായി. 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഐസിസി ടൂർണമെന്‍റുകളുടെ ചരിത്രത്തിൽ ഒരു ഫൈനലിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യ്ക്തിഗ സ്കോറെന്നറെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു. 55 പന്തിൽ നിന്നായിരുന്നു വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആറാം തവണയും കിരീടം ചൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!