
കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ വിക്കറ്റ് കൃത്യമായി പ്രവചിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പുറത്തായതിന് പിന്നാലെയാണ് നാലാം നമ്പറില്‍ ബാവുമ ക്രീസിലെത്തിയത്. പരിക്കുമൂലം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമായ ബാവുമ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താനുറച്ചാണ് ക്രീസിലെത്തിയത്.
ഓപ്പണര്‍മാര്‍ നല്‍കിയ നല്ല തുടക്കത്തിന് പിന്നാലെ ജസ്പ്രീത് ബുമ്രയുടെ ഇരട്ടപ്രഹരത്തില്‍ പതറി നില്‍ക്കുമ്പോഴായിരുന്നു ക്യാപ്റ്റന്‍റെ എന്‍ട്രി. ആദ്യം തന്നെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ ബാവുമ അതിജീവിച്ചു. ഇതിനുശേഷമായിരുന്നു കുല്‍ദീപ് യാദവിന്‍റെ പന്തില്‍ 3 റണ്‍സ് മാത്രമെടുത്ത് ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കി ബാവുമ പുറത്തായത്.ഇതിന് വഴിയൊരുക്കിയതാകട്ടെ റിഷഭ് പന്തായിരുന്നു.
ബാവുമക്കെതിരെ പന്തെറിനെത്തിയ കുല്‍ദീപിനോട് പന്ത് മിഡില്‍ ആന്‍ഡ് ലെഗ് സ്റ്റംപിലെറിയാന്‍ റിഷഭ് പന്ത് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ ധാരാളം സ്വീപ് ഷോട്ട് കളിക്കും, അതുകൊണ്ട് ഇവിടെ തന്നെ ക്യാച്ച് കിട്ടും. സിംഗിളെടുക്കാനല്ല, സ്വീപ്പ് ഷോട്ട് കളിക്കാന്‍ പറ്റുന്ന പന്തെറിയെന്ന് റിഷഭ് പന്ത് കുല്‍ദീപിനോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഈ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.
റിഷഭ് പന്ത് പറഞ്ഞതുപോലെ മിഡില്‍ ആന്‍ഡ് ലെഗ്ഗില്‍ പന്തെറിഞ്ഞ കുല്‍ദീപിനെ ലെഗ് ഗ്ലാൻസ് ചെയ്യാന്‍ ശ്രമിച്ച ബാവുമയെ ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ധ്രുവ് ജുറെല്‍ മനോഹരമായി കൈയിലൊതുക്കി.ക്യാച്ചെടുത്തശേഷം റിഷഭ് പന്തിന്‍റെ തന്ത്രത്തെ ധ്രുവ് ജുറെല്‍ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് ബാവുമയെ കൂടി നഷ്ടമായതോടെ ദക്ഷിണഫ്രിക്ക 71-3ലേക്ക് വീഴുകയും ചെയ്തു. കൂടുതല്‍ നഷ്ടമില്ലാതെ 105-3 എന്ന സ്കോറില്‍ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്ക ലഞ്ചിനുശേഷം തകര്‍ന്നടിഞ്ഞ് 154-8ലേക്ക് വീണു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക