
ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഐപിഎല്ലില്‍ ആർസിബിക്കായി തകര്‍ത്തടിച്ച വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ്. ഇന്നലെ ഡാരന്‍ സമി നയിക്കുന്ന സെന്‍റ് ലൂസിയ കിംഗ്സിനെതിരായ മത്സരത്തില്‍ ഇമ്രാന്‍ താഹിര്‍ നയിക്കുന്ന ഗയാന ആമസോണ്‍ വാരിയേഴ്സിനായി ഏഴാമനായി ക്രീസിലിറങ്ങിയ ഷെപ്പേര്‍ഡ് ഏഴ് സിക്സുകള്‍ അടക്കം 34 പന്തില്‍ 74 റൺസടിച്ചു. ഇതില്‍ മൂന്ന് സിക്സുകളും പിറന്നത് ഒഷാനെ തോമസ് എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുനുന്നു.
തോമസ് എറിഞ്ഞ ഓവറിലെ നിയമപരമായ ഒരു പന്തില്‍ നിന്ന് മാത്രം 21 റണ്‍സാണ് ഷെപ്പേര്‍ഡ് അടിച്ചെടുത്തത്. പതിനഞ്ചാം ഓവറില്‍ തോമസ് എറിഞ്ഞ മൂന്നാം പന്ത് ഫ്രണ്ട് ഫൂട്ട് നോ ബോളായെങ്കിലും ഷെപ്പേര്‍ഡിന് റണ്ണെടുക്കാനായിരുന്നില്ല.എന്നാല്‍ ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ ഷെപ്പേര്‍ഡ് സിക്സ് പറത്തി. എന്നാൽ ആ പന്തും നോ ബോളായതോടെ വീണ്ടും ഫ്രീ ഹിറ്റ് ലഭിച്ചു. ആ പന്തിലും സിക്സ് പറത്തിയതിന് പിന്നാലെ അതും നോ ബോളാണെന്ന് വ്യക്തമായി. ഇതോടെ ഫ്രീ ഹിറ്റ് ലഭിച്ച നാലാം പന്തിലും സിക്സ് അടിച്ച ഷെപ്പേര്‍ഡ് ഒരു ലീഗല്‍ ഡെലിവെറിയില്‍ നിന്ന് മാത്രം അടിച്ചെടുത്തത് 20 റണ്‍സായിരുന്നു. എന്നാല്‍ ഷെപ്പേര്‍ഡിന്‍റെ വെടിക്കെട്ടിനും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ സെന്‍റ് ലൂസിയ കിംഗ്സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 35 പന്തില്ഡ 75 റണ്‍സെടുത്ത അക്കീം ഓഗസ്റ്റെ ആണ് സെന്‍റ് ലൂസിയക്കായി തകര്‍ത്തടിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനായി 39 ഏകദിനങ്ങളിലും 63 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ഷെപ്പേര്‍ഡ് തന്‍റെ ബിഗ് ഹിറ്റിംഗ് കൊണ്ടാണ് ശ്രദ്ധേയനായത്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 14 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളിന്‍റെ പേരിലാണ് ഐപിഎല്ലിലെ വേഗമേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ്. 2023ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു ജയ്സ്വാള്‍ 13 പന്തില്‍ ഫിഫ്റ്റി അടിച്ച് റെക്കോര്‍ഡിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക