
മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറി വേട്ട തുടര്‍ന്ന് സര്‍ഫറാസ് ഖാന്‍. ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ മുംബൈക്കായി ഇറങ്ങിയ സര്‍ഫറാസ് 99 പന്തില്‍ സെഞ്ചുറി തികച്ചു. ഹരിയാനയുടെ ഇഷാന്ച് ഭരദ്വാജിനെ സിക്സിന് പറത്തിയാണ് സര്‍ഫറാസ് ബുച്ചി ബാബു ക്രിക്കറ്റിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി തികച്ചത്. 111 റണ്‍സെടുത്ത സര്‍ഫറാസ് പാര്‍ത്ഥ് വാറ്റ്സിന്‍റെ പന്തിലാണ് പുറത്തായത്. നേരത്തെ ബുച്ചി ബാബു ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ തമിഴ്നാട് ഇലവനെതിരെയും സര്‍ഫറാസ് സെഞ്ചുറി നേടിയിരുന്നു. തമിഴ്നാടിനെതിരെ 138 റൺസുമായി സര്‍ഫറാസ് പുറത്താകാതെ നിന്നു.
ഹരിയാനക്കെതിരെ പേശിവലിവ് മൂലം ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിട്ടും സര്‍ഫറാസ് സെഞ്ചുറി തികച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സായ് സുദര്‍ശനും കരുൺ നായരും നിറം മങ്ങിയ പശ്ചാത്തലത്തില്‍ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ മധ്യനിരയിലേക്ക് ശക്തമായ അവകാശവാദമുന്നയിച്ചാണ് സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറി വേട്ട തുടരുന്നത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് സര്‍ഫറാസിനെ വീണ്ടും സെലക്ടര്‍മാര്‍ മധ്യനിരയിലേക്ക് പരിഗണിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ 27കാരനായ സര്‍ഫറാസ് സെഞ്ചുറിയുമായി തിളങ്ങിയിരുന്നെങ്കിലും പിന്നാലെ നടന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.
അതിനുശേഷം ഐപിഎല്ലിലും ഇടം ലഭിക്കാതിരുന്ന സര്‍ഫറാസ് ഇംഗ്ലണ്ട് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ 92 റണ്‍സടിച്ച് തിളങ്ങിയെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലിടം കിട്ടിയില്ല.ഇതിന് പിന്നാലെ 17 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായ സര്‍ഫറാസ് വീണ്ടും ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഒക്ടോബറില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കുമെന്നാണ് സര്‍ഫറാസ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് ദുലീപ് ട്രോഫിയിലും സര്‍ഫറാസ് കളിക്കും. ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റുകളില്‍ കളിച്ച സര്‍ഫറാസ് ഒരു സെഞ്ചുറി ഉള്‍പ്പെടെ 37.10 ശരാശരിയില് 371 റണ്‍സ് നേടിയിട്ടുണ്ട്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 16 സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും അടക്കം 66 റണ്‍സ് ശരാശരിയില്‍ 4685 റണ്‍സും സര്‍ഫറാസിന്‍റെ പേരിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക