
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ബാറ്റിംഗില്‍ മിന്നി വൈഭവ് സൂര്യവന്‍ഷി. മഴമൂലം 40 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മൂന്നാം ഏകദിനത്തില്‍ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വൈഭവ് 31 പന്തില്‍ 86 റണ്‍സടിച്ചാണ് തിളങ്ങിയത്.ആറ് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. വൈവഭവിന്‍റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ കരുത്തില്‍ ഇന്ത്യ മത്സരത്തില്‍ നാലു വിക്കറ്റ് ജയവുമായി അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
20 പന്തിലാണ് വൈഭവ് അര്‍ധസെഞ്ചുറി തികച്ചത്. പിന്നീട് 11 പന്തില്‍ 36 റണ്‍സ് കൂടി വൈഭവ് നേടി. വൈഭവ് നേടിയ 86 റണ്‍സില്‍ 78 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. ക്യാപ്റ്റന്‍ അഭിഗ്യാൻ കുണ്ഡുവിനൊപ്പം(12) ആദ്യ നാലോവറില്‍ ഇന്ത്യയ 38 റണ്‍സിലെത്തിച്ച വൈഭവ് വെടിക്കട്ട് തുടക്കമാണ് നല്‍കിയത്. അഭിഗ്യാൻ കുണ്ഡു പുറത്തായശേഷം രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച വൈഭവും വിഹാന്‍ മല്‍ഹോത്രയും(34 പന്തില്‍ 46) ചേര്‍ന്ന് ഇന്ത്യയെ എട്ടോവറില്‍ 111 റണ്‍സിലെത്തിച്ചു.
വൈഭവ് പുറത്തായതിന് പിന്നാലെ മൗല്യരാജ്‌സിംഗ് ചാവ്ഡ(0), ഹര്‍വന്‍ഷ് പംഗാലിയ(11), രാഹുല് കുമാര്‍(27) എന്നിവരെ നഷ്ടമായതോടെ ഇന്ത്യ 199-6 എന്ന സ്കോറില്‍ പതറി. എന്നാല്‍ അംബരീഷും(31*) കനിഷ്ക് ചൗഹാനും(43*) ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗിലൂടെ വൈഭവ് തിളങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 45 റണ്‍സടിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം ഒരു വിക്കറ്റിന്‍റെ വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തി.
മഴമൂലം 40 ഓവറാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ബി ജെ ഡോക്കിന്‍സിന്‍റെയുംൾ(62), ക്യാപ്റ്റൻ തോമസ് റ്യൂവിന്‍റെയും(44 പന്തില്‍ 76) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഐസക് മൊഹമ്മദ് 41ഉം ബെന്‍ മേയസ് 31ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കനിഷ്ക് ചൗഹാന്‍ മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക